എ.ജെ. വിൻസൻ
തൃപ്രയാർ (തൃശൂർ): പിഎസ്സി ഓണ്‍ലൈൻ പരീക്ഷയിൽ മോണിറ്ററിൽ മലയാളം ചോദ്യങ്ങളിലെ വാക്കുകൾ തെറ്റി. പിഎസ്സിയുടെ പിഴവിനു ബലിയാടാകുന്നതു തങ്ങളെന്ന് ഉദ്യോഗാർഥികൾ.കഴിഞ്ഞ 13 നു പിഎസ്സി എറണാകുളത്തു നടത്തിയ ഹയർസെക്കൻഡറി വിഭാഗം ലാബ് അറ്റൻഡർ ഓണ്‍ലൈൻ പരീക്ഷയെഴുതിയവരാണ് പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്.
മോണിറ്ററിൽ തെളിഞ്ഞ മലയാളം ചോദ്യങ്ങളിൽ വാക്കുകൾ മനസിലാക്കാൻ സാധിക്കാത്തവിധം അക്ഷരങ്ങൾ തെറ്റായും അവ്യക്തമായുമാണ് കാണപ്പെട്ടത്. ഇതുമൂലം അറിയുന്ന ഉത്തരങ്ങളും തെറ്റിപ്പോകാൻ കാരണമായെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെട്ടു. ഇക്കാര്യം അറിയിക്കാൻ പിഎസ്സിയുടെ പോർട്ടലിലുള്ള സംവിധാനം പരീക്ഷ കഴിഞ്ഞ ഉടനെയോ അടുത്ത ദിവസങ്ങളിലോ പ്രവർത്തനക്ഷമമായിരുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി.
പിഎസ്സി യുടെ ഓണ്‍ലൈൻ തകരാർ കാരണം നെഗറ്റീവ് മാർക്ക് നൽകിയാൽ തങ്ങളുടെ പരീക്ഷാഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നു പിഎസ്സി ചെയർമാനു നൽകിയ പരാതിയിൽ പറയുന്നു. അധ്യാപക യോഗ്യതാപരീക്ഷയായ കെടെറ്റ് പോലുള്ള പരീക്ഷകളിൽ നെഗറ്റീവ് മാർക്ക് ഒഴിവാക്കാറുണ്ട്. അതുപോലെ ഈ ലാബ് അറ്റൻഡർ പരീക്ഷയിലെ നെഗറ്റീവ് മാർക്ക് ഒഴിവാക്കണമെന്നു പരാതിയിൽ ഇവർ ആവശ്യപ്പെട്ടു.