തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആൾമാറാട്ട കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. കേസിലെ പ്രതികളായ അമൽജിത്ത്, അഖിൽജിത്ത് എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാനാണ് പോലീസ് അപേക്ഷ നൽകിയത്.
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച ഇരുവരെയും കസ്റ്റഡിയിൽ വാങ്ങും. പൂജപ്പുരയിലെ ചിന്നമ്മ മെമ്മോറിയൽ സ്കൂളിൽ നടന്ന പിഎസ് സി പരീക്ഷയുടെ ഹാൾ ടിക്കറ്റ് ബയോമെട്രിക് സംവിധാനത്തിലൂടെ പരിശോധിക്കുന്നതിനിടെയാണ് പരീക്ഷയെഴുതാൻ എത്തിയ ആൾ ഹാളിൽ നിന്നിറങ്ങി മതിൽ ചാടി രക്ഷപ്പെട്ടത്.
അമൽജിത്തിന് വേണ്ടി സഹോദരൻ അഖിൽ ജിത്താണ് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയതെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
ആൾമാറാട്ടം പിടിയ്ക്കപ്പെടുമെന്നായപ്പോൾ മതിൽ ചാടികടന്നെത്തിയ അഖിൽ ജിത്തിനെ റോഡിൽ ബൈക്കിൽ കാത്ത് നിന്ന അമൽജിത്ത് രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കുടുതൽ കാര്യങ്ങൾ ഇരുവരെയും വിശദമായി ചോദ്യം ചെയ്താൽ മാത്രമെ അറിയാൻ സാധിക്കുകയുള്ളുവെന്നാണ് പൂജപ്പുര പോലീസ് പറയുന്നത്. അഖിൽ ജിത്ത് നേരത്തെ പിഎസ്സി നടത്തിയ പോലീസ്, ഫയർഫോഴ്സ് പരീക്ഷകളിൽ വിജയിച്ചിരുന്നുവെങ്കിലും ഫിസിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നുവെന്ന്പോലീസ് പറയുന്നു. അമൽ ജിത്ത്, അഖിൽ ജിത്തും ഇന്നലെ എസിജെഎം കോടതിയിൽ കീഴടങ്ങിയിരുന്നു.