പാരീസ്: സ്വന്തം ഗ്രൗണ്ടില്‍ റിക്കാര്‍ഡ് ജയവുമായി പാരീ സാന്‍ ഷെര്‍മയിന്‍. കൈലിയന്‍ എംബാപ്പെ, എഡിന്‍സണ്‍ കവാനി എന്നിവരുടെ ഹാട്രിക് മികവില്‍ പിഎസ്ജി സ്വന്തം തട്ടകമായ പാര്‍ക് ഡെ പ്രിന്‍സസില്‍ 9-0ന് ഗ്വിന്ഗാപിനെ തകര്‍ത്തു. നെയ്മര്‍ ഇരട്ട ഗോളും തോമസ് മ്യൂനിയെ ഒരു ഗോളും നേടി.
19 കളിയില്‍ 53 പോയിന്റുമായി പിഎസ്ജി രണ്ടാമതുള്ള ലിലെയേക്കാള് ബഹുദൂരം മുന്നിലാണ്. 21 കളിയില്‍ ലിലെയെക്ക് 40 പോയിന്റാണുള്ളത്. ഒന്‍പത് ദിവസം മുമ്പ് ഫ്രഞ്ച് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്വിന്ഗാപിനോടേറ്റ 2-1ന്റെ തോല്‍വിക്ക് പകരംവീട്ടല്‍ കൂടിയായി ഈ ജയം.
ഫ്രഞ്ച് ലീഗ് വണ്ണില്‍ സ്വന്തം ഗ്രൗണ്ടില്‍ പിഎസ്ജിയുടെ ഏറ്റവും വലിയ ജയമാണിത്. കഴിഞ്ഞ സീസണില്‍ ഡിജോണിനെതിരേ നേടിയ 8-0ന്റെ റിക്കാര്‍ഡാണ് പിഎസ്ജി തിരുത്തിയത്. 1994ല്‍ ഫ്രഞ്ച് കപ്പില്‍ കോട് ഷോഡിനെതിരേ നേടിയ 10-0ന്റെ ജയമാണ് പിഎസ്ജിയുടെ ഏറ്റവും വലിയ ജയം. 1935-36 സീസണില്‍ സോചക്സ് വലന്സീനെസിനെതിരേ നേടിയ 12-1ന്റെ ജയമാണ് ഫ്രഞ്ച് ലീഗിലെ ഏറ്റവും വലിയ ജയം.
ചെല്‍സിയില്‍നിന്ന് മോണക്കോയിലെത്തിയ സെസ് ഫാബ്രിഗസിന് ടീമിനൊപ്പമുള്ള ആദ്യ ഹോം മത്സരത്തില്‍ തോല്‍വി. മോണക്കോയെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് സ്രാസ്ബോ പരാജയപ്പെടുത്തി.