റൊസാരിയോ: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ നേരിട്ട പ്രതിസന്ധികൾ തുറന്നുപറഞ്ഞ് അർജന്റൈൻ ഫുട്ബോൾ താരം ലയണൽ മെസി.
പാരീസിലേതു ബുദ്ധിമുട്ടേറിയ കാലമായിരുന്നെന്നു മെസി ബീഇൻ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പിഎസ്ജി രണ്ടു സീസണിലും ചാന്പ്യൻസ് ലീഗിൽനിന്നു പുറത്തായതു വലിയ നിരാശയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
താൻ വളരെ താമസിച്ചാണു പിഎസ്ജിയിൽ എത്തിയത്. പ്രീ സീസണ് ഉണ്ടായിരുന്നില്ല. തനിക്കും കുടുംബത്തിനും തുടക്കകാലം കഷ്ടപ്പാടേറിയതായിരുന്നു.
കോപ അമേരിക്ക ടൂർണമെന്റിനുശേഷമാണു പാരീസിലെത്തിയത്. അതുകൊണ്ടുതന്നെ ശാരീരികക്ഷമത വീണ്ടെടുക്കാൻ ഏറെ സമയമെടുത്തെന്നും മെസി പറഞ്ഞു.
പിഎസ്ജി ആരാധകരുമായുള്ള പ്രശ്നങ്ങളെക്കുറിച്ചും മെസി തുറന്നുപറഞ്ഞു. തുടക്കത്തിൽ വളരെ നല്ല അന്തരീക്ഷമാണ് ഉണ്ടായിരുന്നതെന്നും കുറച്ചുസമയത്തിനുശേഷമാണു പാരീസ് ആരാധകരിൽ കുറച്ചുപേർ തന്നെ മറ്റൊരുരീതിയിൽ കാണാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.17 വർഷത്തെ ബാഴ്സലോണ കരിയർ അവസാനിപ്പിച്ചാണു മെസി പിഎസ്ജിയിലേക്കു ചേക്കേറിയത്.