മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ക്വാർട്ടർ ഫൈനൽ ആവേശപ്പോരിൽ നിലവിലെ ചാമ്പ്യൻമാരായ ബയേണ്‍ മ്യൂണിക്കിനു ആദ്യപാദ തോൽവി. ശക്തരായ പിഎസ്ജിയാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബയേണിനെ തകർത്തത്.
സ്വന്തം തട്ടകത്തിൽ ഏറ്റ പരാജയം ബയേണിനു തിരിച്ചടിയായേക്കും. സൂപ്പർ താരം കലിയൻ എംബാപ്പയുടെ ഇരട്ടഗോളുകളാണ് പിഎസ്ജിക്ക് മിന്നും ജയം സമ്മാനിച്ചത്.
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ ഇത്തവണ ക്വാർട്ടറിൽ തന്നെ മുഖാമുഖം എത്തിയപ്പോൾ കളത്തിൽ തീപ്പൊരി ചിതറി. നെയ്മറുടെ അഭാവത്തിൽ പിഎസ്ജിയുടെ ആക്രമണ ചുമതല ഏറ്റെടുത്ത എംബാപ്പെ മൂന്നാം മിനിറ്റിൽ തന്നെ നയംവ്യക്തമാക്കി. മാനുവൽ ന്യൂയറിന്റെ കാലുകൾക്കിയിലൂടെ പന്ത് ഗോളിലേക്ക്.
28 ാം മിനിറ്റിൽ മാർക്വിൻഹോസിലൂടെ പിഎസ്ജി ലീഡ് ഉയർത്തി. എന്നാൽ ആദ്യപകുതി അവസാനിക്കുംമുൻപ് ചൗപോ മോട്ടിംഗിലൂടെ ബയേൺ ഒരു ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച ബയേൺ 68 ാം മിനിറ്റിൽ സമനിലപിടിച്ചു. തോമസ് മുള്ളറായിരുന്നു സ്കോർ ചെയ്തത്.
എന്നാൽ എട്ടു മിനിറ്റ് മാത്രമായിരുന്നു ബയേണിന്റെ സമനില സമാധാനത്തിന്റെ പ്രായം. എംബപ്പെ വീണ്ടും ബയേൺ പ്രതിരോധ പൂട്ടുപൊളിച്ചു.
ബോക്സിന്റെ ഇടത് പാർശ്വത്തിൽനിന്നും രണ്ട് പ്രതിരോധ താരങ്ങളുടെ ഇടയിലൂടെ എംബപ്പെ പായിച്ച ഷോട്ട് ബയേണിന്റെ നെഞ്ചിൽ തറച്ചു. ഇനി രണ്ടാം പാദം പിഎസ്ജിയുടെ മൈതാനത്ത് നടക്കും.