പാരീസ്/ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി പാരി സാന്‍ ഷെര്‍മയിന്‍, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, ഇന്റര്‍ മിലാന്, ബൊറൂസിയ ഡോര്‍ട്മുണ്ട് ടീമുകള്‍. ലിവര്‍പൂളിനെ നാപ്പോളി തോല്‍പ്പിച്ചു.
നെയ്മര്‍ ഹാട്രിക്
ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറുടെ ഹാട്രിക് മികവില്‍ പാരി സാന്‍ ഷെര്‍മയിന്‍ 6-1ന് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പ്പിച്ചു. പിഎസ്ജിയുടെ സൂപ്പര്‍ താരങ്ങളെല്ലാം ഗോള്‍ കണ്ടെത്തിയ മത്സരമായിരുന്നു. 20, 22, 81 മിനിറ്റുകളിലായിരുന്നു നെയ്മറുടെ ഗോളുകള്‍. എഡിന്‍സണ്‍ കവാനി (37’), എയ്ഞ്ചല്‍ ഡി മരിയ (41’), കൈലിയന്‍ എംബാപ്പെ (70’) എന്നിവരും ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. മാര്‍കോ മാരിന് 74-ാം മിനിറ്റില്‍ നേടിയ ഗോള്‍ റെഡ് സ്റ്റാറിന് ആശ്വാസമായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നാപ്പോളിയോട് ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റു. സമനിലയിലേക്കെന്നു കരുതിയ മത്സരത്തില്‍ 90-ാം മിനിറ്റില്‍ ലോറന്‍സോ ഇന്സൈന് നേടിയ ഗോളിലാണ് നാപ്പോളി വിജയം നേടിയത്.
മെസിക്ക് ഇരട്ട ഗോള്‍
സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ ബാഴ്സലോണ 4-2ന് ടോട്ടനത്തെ തോല്‍പ്പിച്ചു. ടോട്ടനത്തിന്റെ വെംബ്ലി സ്റ്റേഡിയത്തില്‍ രണ്ടാം മിനിറ്റില്‍ ഫിലിപ്പെ കുടിഞ്ഞോയിലൂടെ ബാഴ്സ മുന്നിലെത്തി. 28-ാം മിനിറ്റില്‍ ഇവാന് റാക്കിട്ടിച്ചിന്റെ തകര്‍പ്പന്‍ ഗോളില്‍ ബാഴ്സലോണ രണ്ടാം ഗോളും നേടി.
52-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ഒരു ഗോള്‍ മടക്കി. മത്സരത്തിലേക്കു തിരിച്ചുവരാമെന്ന ടോട്ടനത്തിന്റെ മോഹങ്ങളെ തകര്‍ത്തുകൊണ്ട് മെസി 56-ാം മിനിറ്റില്‍ ബാഴ്സയുടെ ലീഡ് ഉയര്‍ത്തി. 66-ാം മിനിറ്റില്‍ എറിക് ലാമെല ബാഴ്സയുടെ ലീഡ് ഒന്നായി ചുരുക്കി. 90-ാം മിനിറ്റില്‍ ടോട്ടനം പ്രതിരോധത്തെ ഒറ്റക്ക് മറികടന്നെത്തിയ മെസി സന്ദര്‍ശകരുടെ ജയം ഉറപ്പിച്ചു.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാന് 2-1ന് പിഎസ്വി ഐന്തോവനെ തോല്‍പ്പിച്ചു. ഒരു ഗോളിനു പിന്നില്‍ നിന്നശേഷമാണ് ഇന്ററിന്റെ വിജയം. പിഎസ് വി ഗോള്‍കീപ്പര്‍ ജെറോണ്‍ സോയറ്റിന്റെ പിഴവില്‍നിന്നാണ് മൗറോ ഇക്കാര്‍ഡി വിജയ ഗോള്‍ നേടിയത്. 27-ാം മിനിറ്റില്‍ പാബ്ലോ റൊസാരിയോയുടെ തകര്‍പ്പന്‍ ഗോളില്‍ പിഎസ് വി മുന്നിലെത്തി.
44-ാം മിനിറ്റില്‍ റാഡ്ജ നയ്ന്ഗോലന്റെ ഗോളില്‍ ഇന്റര്‍ സമനില പിടിച്ചു. 60-ാം മിനിറ്റില്‍ പന്തുമായി കടന്നുവന്ന ഇക്കാര്‍ഡിയെ ബ്ലോക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ സോയറ്റും ഡിഫന്‍ഡര്‍ ഡാനിയല്‍ സബാബും കൂട്ടിയിടിച്ചു. ഈ അവസരത്തില്‍ ഇക്കാര്‍ഡി വല കുലുക്കി. തുടർ ജയവുമായി അത്ലറ്റിക്കോയും ഡോര്‍ട്മുണ്ടും
ആന്ത്വാന് ഗ്രീസ്മാന്റെ ഇരട്ട ഗോളില്‍ അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് ക്ലബ് ബ്രൂഗിയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് 3-0ന് മോണക്കോയെ തോല്‍പ്പിച്ചു.
ഗ്രൂപ്പ് ഡിയില്‍ പോര്‍ട്ടോ 1-0ന് ഗലറ്റ്സറെയെയും ഇതേ സ്കോറിനു തന്നെ ഷാല്‍കെ ലോകോമോട്ടിവ് മോസ്കോയെയും തോല്‍പ്പിച്ചു.