ആലുവ: മൂന്നു വയസുകാരന്റെ ദുരൂഹ മരണത്തെ തുടർന്ന് മാതാവ് നടത്തി വരുന്ന നിരാഹാര സമരമടക്കം ഇന്ന് നാലാം ദിവസത്തിലേക്ക്.
നാണയം വിഴുങ്ങിയ നിലയിൽ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടി ചികിത്സ ലഭിക്കാതെയാണ് മരിച്ചതെന്നാരോപിച്ചുകൊണ്ടാണ് അമ്മയും ബന്ധുക്കളും സമരം നടത്തി വരുന്നത്. ആലുവ ജില്ലാ ആശുപത്രി പരിസരത്ത് നടത്തി വരുന്ന സമരം അധികാരികൾക്ക് തലവേദനയായി മാറിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടിനായിരുന്നു സമരത്തിനിടയായ സംഭവം നടന്നത്. ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജിലും ചികിത്സക്കായി എത്തിച്ചിരുന്നു.
അവിടെ നിന്നെല്ലാം നിസാരമെന്ന് പറഞ്ഞ് വിട്ട കുട്ടി ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശിനി നന്ദിനിയുടെ ഏകമകനാണ് മരണപ്പെട്ട പൃഥ്വിരാജ്.
സംഭവം വിവാദമായതിനെ തുടർന്ന് പോലീസ് സർജൻ പോസ്റ്റ്മോർട്ടം ചെയ്യുകയും ആന്തരികാവയവങ്ങൾ കെമിക്കൽ ലാബിലയച്ചു പരിശോധികുകയും ചെയ്തിരുന്നു.
മരണകാരണം നാണയം വിഴുങ്ങിയത് മുലമല്ലെന്നും ശ്വാസംമുട്ട് കാരണമാണെന്നും റിപ്പോർട്ട് വരികയായിരുന്നു. ഇത് ചികിത്സ നിഷേധിച്ചവരെ സംരക്ഷിക്കുന്ന പോലീസിനെയും കറ്റക്കാരായ ഡോക്ടർമാരെയും രക്ഷിക്കാനാണെന്നാണ് കുട്ടിയുടെ മാതാവിന്റെയും ബന്ധുക്കളുടെയും ആരോപണം.
അനിശ്ചിതകാല സമരത്തിൽ കുട്ടിയുടെ അമ്മയെ കൂടാതെ മാതാവ് യശോദ, സഹോദരി പുഷ്പ എന്നിവരും പങ്കെടുക്കുന്നുണ്ട്. കൂടാതെ പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലും സമരമുഖത്തുണ്ട്. ഇതിനിടയിൽ സമരത്തിൽനിന്നും ഇവരെ പിന്തിരിപ്പിക്കാൻ കടുത്ത സമ്മർദം തുടരുകയാണ്.
ഞായറാഴ്ച്ച രാവിലെ മുതൽ ആലുവ തഹസിൽദാർ പി.എൻ. അനിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സമര പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. എൻആർഎച്ച്എം മിഷന്റെ ചുമതലയുള്ള ഡോ. മാത്യുവും സമരം അവസാനിപ്പിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളോട് അഭ്യർഥിച്ചിരുന്നു.
ഇതിനിടയിൽ സമരക്കാരെ സന്ദർശിച്ച അൻവർ സാദത്ത് എംഎൽഎ കുട്ടിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.