സ്വന്തം ലേഖകൻ
തൃശൂർ: പീടികമുറിക്കു ലൈസൻസ് ലഭിക്കാൻ കെട്ടിടമുടമ അറിയാതെ വ്യാജരേഖ തയാറാക്കുകയും വിവാദമായപ്പോൾ തെളിവു നശിപ്പിക്കുകയും ചെയ്തെന്ന കേസിൽ തൃശൂർ കോർപറേഷൻ നികുതി അപ്പീൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സുകുമാരനെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ സുകുമാരനെ റിമാൻഡ് ചെയ്തെങ്കിലും ദേഹാസ്വാസ്ഥ്യമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വതന്ത്രനായി ജയിച്ച സുകുമാരൻ ഭരണപക്ഷമായ എൽഡിഎഫിലെ സിഎംപി അംഗമാണ്.
കേസിൽ ഒന്നാം പ്രതിയും വാടകക്കാരനുമായ തിരുവന്പാടി ദേവസ്വം മുൻ സെകട്ടറി രാഘവൻ എന്ന സി. വിജയൻ മുൻകൂർ ജാമ്യം നേടി. പോസ്റ്റോഫീസ് റോഡിലെ വിജയജ്യോതി ട്രേഡേഴ്സിന് ലൈസൻസ് ലഭിക്കാനുള്ള അപേക്ഷയ്ക്കാണ് സുകുമാരനും കടയുടമ വിജയനും ചേർന്ന് വ്യാജരേഖ ചമച്ചത്.
വാടകക്കാരനായ വിജയനുവേണ്ട ി കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർക്ക് അപേക്ഷ നൽകിയത് സുകുമാരനായിരുന്നു. അപേക്ഷയിൽ ഉടമയുടെ സമ്മതപത്രത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉടമയുടെ ഒപ്പിട്ടിരുന്നില്ല.
ഫയൽ പരിശോധിച്ച ഹെൽത്ത് സൂപ്പർവൈസർ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ സുകുമാരൻ അപേക്ഷ തിരികെവാങ്ങി രണ്ട ു മണിക്കൂറിനുശേഷം ഒപ്പോടുകൂടി തിരിച്ചേൽപ്പിച്ചു.സംശയം തോന്നിയ ഹെൽത്ത് സൂപ്പർവൈസർ രാജൻ കെട്ടിട ഉടമ ചിയാരം സ്വദേശി ബാബുവിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ഒപ്പിനെക്കുറിച്ച് സ്ഥിരീകരണം നടത്തി. ഒപ്പ് വ്യാജമാണെന്ന് മനസിലായ ഉദ്യോഗസ്ഥൻ വിജയനെ വിളിച്ചുവരുത്തി ചോദ്യംചെയ്തു.
തെറ്റു സമ്മതിച്ച വിജയൻ സത്യവാങ്മൂലം നൽകി. നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥൻ ഫയൽ മേശപ്പുറത്ത് വച്ചു.ലൈസൻസ് പുതുക്കാതായതോടെ സുകുമാരൻ വീണ്ട ുമെത്തി. അന്വേഷണത്തിൽ ചില പ്രശ്നങ്ങൾ ഉള്ളതായി ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ റിപ്പോർട്ട് നൽകിയിട്ടുണ്ടെ ന്ന് രാജൻ വിശദീകരിച്ചു. പുതിയ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുമായി സംസാരിച്ച് കാര്യങ്ങൾ ശരിയാക്കാമെന്നു പറഞ്ഞ് സുകുമാരൻ ഫയൽ എടുത്തുകൊണ്ട ുപോയി.
ദിവസങ്ങൾ കഴിഞ്ഞിട്ടും ഫയൽ തിരിച്ചെത്താതായതോടെ ഉദ്യോഗസ്ഥൻ സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്തു. ഫയൽ തിരിച്ചെത്തിയെങ്കിലും വ്യാജ സമ്മതപത്രം അപ്രത്യക്ഷമായിരുന്നു. അതേസമയം ഒപ്പ് വ്യാജമെന്ന് സമ്മതിച്ച വിജയന്റെ സത്യവാങ്മൂലം ഫയലിൽ ഉണ്ടായിരുന്നത് സുകുമാരൻ ശ്രദ്ധിച്ചിരുന്നില്ല.
ഇതിനിടയിൽ ബാബു നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് വിജയനും സുകുമാരനും ചേർന്ന് വ്യാജരേഖ ചമച്ചെന്നും പിന്നിടത് നശിപ്പിച്ചെന്നും കണ്ടെത്തുകയായിരുന്നു. 40 വർഷമായി ലൈസൻസില്ലാതെയായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്.