പതിനെട്ടു സ്ത്രീകളെ കൊലപ്പെടുത്തിയ നാല്‍പ്പത്തിയഞ്ചുകാരന്‍ ഹൈദരാബാദില്‍ പിടിയിലായി. ഹൈദരാബാദില്‍ അടുത്തിടെ നടന്ന രണ്ടു യുവതികളുടെ മരണത്തിലെ അന്വേഷണമാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്.
സിറ്റി പൊലീസ് ടാസ്‌ക് ഫോഴ്‌സും രച്ചകൊണ്ട കമ്മിഷണറേറ്റിലെ പൊലീസും ചേര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 21 കേസുകളില്‍ ഇയാളെ അറസ്റ്റു ചെയ്തിരുന്നു. 16 കൊലപാതകങ്ങള്‍, നാലു സ്വത്ത് കേസുകള്‍, പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപെടല്‍ എന്നീ കേസുകളിലാണ് ഇയാളെ അറസ്റ്റു ചെയ്തിരുന്നത്.
21-ാം വയസ്സില്‍ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകളോട് വൈരാഗ്യപരമായ രീതിയില്‍ പെരുമാറാന്‍ ഇയാള്‍ തീരുമാനിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
2003 മുതലാണ് ഇയാള്‍ കൊലപാതകം പോലുള്ള ക്രിമിനല്‍ പരിപാടികള്‍ തുടങ്ങിയത്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളെ ലൈംഗിക താല്‍പര്യമുണ്ടെന്ന് കാട്ടി പണം നല്‍കി വശത്താക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.
ഇവര്‍ക്കൊപ്പം മദ്യപിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ഇത്തരത്തില്‍ കൊല നടത്തിയതിനുശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്തായാലും ഇയാളുടെ അറസ്റ്റോടെ പോലീസിന് വലിയൊരു തലവേദന ഒഴിഞ്ഞിരിക്കുകയാണ്.