സ്വന്തം ലേഖകൻ
പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന ഒറ്റയാൻ പിടി 7നെ പിടികൂടാനുള്ള ദൗത്യസംഘം കാട്ടാനയുടെ പിന്നാലെ.
കാട്ടാനയെ മയക്കുവെടിവയ്ക്കാനുള്ള ദൗത്യസംഘത്തിന്റെ നീക്കങ്ങൾ ഇന്നുഅതിരാവിലെ നാലോടെ തുടങ്ങിയെങ്കിലും ആന ഉൾക്കാട്ടിലേക്കു നീങ്ങിയതാണ് ദൗത്യസംഘത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ് സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കുങ്കിയാനകളുടെ സഹായത്തോടെ സാഹചര്യങ്ങൾ അനുകൂലമാക്കി ആനയെ മയക്കുവെടി വയ്ക്കാനുള്ള നീക്കങ്ങളാണ് ദൗത്യസംഘം ഒരുക്കിയിട്ടുള്ളതെങ്കിലും പലതവണ ഓടിച്ചീട്ടും ഉൾക്കാട്ടിലേക്കു പോകാത്ത പിടി7 ഇന്ന് പതിവിനു വിരുതമായി ഉൾക്കാട്ടിലേക്കു വലിഞ്ഞതാണ് ഇവരെ ചുറ്റിക്കുന്നത്.
ഉൾകാട്ടിനകത്തുവച്ച് പിടി7നെ മയക്കുവെടി വയ്ക്കാനും സാധിക്കുകയില്ല. വെടിയേറ്റ ആന ഉൾക്കാട്ടിലേക്കു ഓടിപ്പോയാൽ ആനയെ കണ്ടെത്തി തിരിച്ചുകൊണ്ടുവരുന്നത് ദൗത്യസംഘത്തിനു ദുഷ്കരമായിരിക്കും.
ഇതിനാൽ കുങ്കിയാനകളുടെ സഹായത്തോടെ ഉൾക്കാട്ടിൽ നിന്നു പുറത്തുകൊണ്ടുവന്ന് വെടിവയ്ക്കാനാണ് ദൗത്യസംഘം ശ്രമിക്കുന്നത്.
ഏതെങ്കിലും കാരണവശാൽ ഇന്ന് ദൗത്യം നടന്നില്ലെങ്കിൽ അടുത്തദിവസങ്ങളിൽ തന്നെ ആനയെ വെടിവയ്ക്കാനാണ് ദൗത്യസംഘത്തിന്റെ പദ്ധതി.
ഇന്നു രാവിലെ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പദ്ധതിയുടെ വിശകലനം നടത്തി. ആനയെ പിടിക്കുന്നതി നുള്ള വിവിധ ടീമുകൾ രൂപീകരിച്ചു.
പാലക്കാട്, മണ്ണാർക്കാട്, നെന്മാറ ഡിവിഷനുകളിലെ 50 സ്റ്റാഫും വാച്ചർമാരും ദൗത്യസംഘത്തിൽ പങ്കെടുക്കുന്നുണ്ട്. പരിപാടിക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രിയും പറഞ്ഞു.
നേരത്തെ മിഷൻ പിടി 7 വനംവകുപ്പിന്റെ ഏറ്റവും വലിയ ദൗത്യമാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു.ഇതിനിടെ ഇന്നലെ രാത്രിയും ഇന്നുരാവിലെയും സമീപപ്രദേശത്ത് കാട്ടാനയിറങ്ങി നെൽകൃഷിയും വാഴകൃഷിയും നശിപ്പിച്ചിരുന്നു.
ഇത് പിടി 7 തന്നെയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ ഇത് എത്രമാത്രം ശരിയാണെന്ന് വനംവകുപ്പ് ഉറപ്പുപറയുന്നില്ല.
കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പിടി 7 ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇതിനിടെ പിടി7 വീണ്ടും നാട്ടിലിറങ്ങിയെന്ന വാർത്ത വിശ്വസനീയമല്ലെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന റിപ്പോർട്ട്.
ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പിടി 7 നെ വെടിവച്ചാൽ പിടികൂടി പൂട്ടാനുള്ള മരത്തടകൊണ്ടുള്ള കവചം പുറത്ത് തയാറായി കഴിഞ്ഞു. ആനയ്ക്കു അത്യാവശ്യ ഘട്ടത്തിൽ നൽകാൻ മരുന്നുകളും ഒരുക്കിവച്ചിട്ടുണ്ട്.