സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മന്ത്രിമന്ദിരത്തിന്റെ മുറ്റത്തുനിന്നു പിന്നോട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ വാഴൂര്‍ പുള്ളോലില്‍ ചാക്കോയുടെ മകള്‍ സെലീന്‍ ഓര്‍മകള്‍ യാത്രചോദിച്ചു മടങ്ങിപ്പോയ നീണ്ട നടപ്പാത കണ്ടു. പ്രഗല്‍ഭനായ ആഭ്യന്തരമന്ത്രിയെന്നു പേരെടുത്ത ‘അച്ച’ആരോപണങ്ങളുടെ മുള്‍മുനകളില്‍ നീറി രാഷ്ട്രീയം ഉപേക്ഷിച്ചു നടന്നുപോയ വഴി.അന്ന് ഈ വീട് റോസ്സ്് സായ്പിന്റെ പേരിലുള്ള ‘റോസ്സ് ഹൗസ്’ ആയിരുന്നു. ഇന്നത് ‘റോസ് ഹൗസ്’ ആയി മാറി. പിന്നെയുമുണ്ട് മാറ്റങ്ങള്‍. പച്ചപ്പരവതാനി പോലെ പുല്ലുവിരിച്ച മുറ്റമില്ല. അടുക്കളപ്പുറത്തുണ്ടായിരുന്ന ആ വലിയ മാവും കാണാനില്ല. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഭാര്യ സരസ്വതിയും സെലീനിന്റെ ഓര്‍മകളിലേക്ക് കണ്ണുനട്ടു.
കൃതാവ് ഇറക്കിവച്ച മന്ത്രിയുടെ മുഖം കണ്ടപ്പോള്‍, അറുപത്തിയെട്ടുകാരിയായ സെലീന്റെ ഓര്‍മകളിലേക്ക് കട്ടി മീശവച്ച അച്ച’യുടെ മുഖം ഓടിക്കയറി വന്നു. കേരളത്തിലെ ഏറ്റവും മികച്ച പ്രതിപക്ഷനേതാവായി തിളങ്ങിനിന്ന സെലീന്റെ ‘അച്ച’; പി.ടി ചാക്കോ നയിച്ച ജാഥ റോഡില്‍ നിന്നു കണ്ടിട്ടുള്ള തന്റെ കുട്ടിക്കാലം മന്ത്രിയും ഓര്‍ത്തെടുത്തു. സ്‌നേഹിച്ചിരുന്നവര്‍ മരിക്കുകയും അവരുടെ സ്‌നേഹമില്ലാതെ ആളുകള്‍ ജീവിക്കുകയും ചെയ്യും. എന്നാല്‍ ജീവിതം ഓര്‍മകളല്ലാതെ മറ്റൊന്നുമല്ല. അരനൂറ്റാണ്ടിനു ശേഷവും കളിച്ചുവളര്‍ന്ന വീട്ടിലേക്ക് സെലീനെ തിരികെയെത്തിച്ചതും അതാണ്.
സ്‌നേഹവായ്‌പോടെ തനിക്കും ഭര്‍ത്താവ് ജോയ്‌സ് ജോണിനും ആതിഥ്യമരുളിയ, മന്ത്രിക്കും അദ്ദേഹത്തിന്റെ പത്‌നിക്കുമൊപ്പം ഒരിക്കല്‍ക്കൂടി അവര്‍ റോസ് ഹൗസ് മുഴുവന്‍ നടന്നുകണ്ടു. ഓരോ ചുവടും ഓര്‍മകളുടെ ഘോഷയാത്രകളായി. അന്ന് ഇവിടെ എപ്പോഴും തിരക്കായിരുന്നു. രാഷ്ട്രീയ നേതാക്കള്‍, അച്ചയുടെ സുഹൃത്തുക്കള്‍, പിന്നെ ഓരോരോ ആവശ്യങ്ങള്‍ക്കായി വരുന്ന നാട്ടുകാരും. അച്ചയ്ക്ക് രണ്ട് ഓഫീസുകളുണ്ടായിരുന്നു. താഴത്തെ നിലയില്‍ ഇടത്തേ അറ്റത്തുള്ള വലിയ ഹാള്‍. അതിപ്പോള്‍ വിരുന്നുകാര്‍ക്കു ഭക്ഷണം വിളമ്പുന്ന ഡൈനിംഗ് റൂം.
താഴെ എപ്പോഴും തിരക്കായിരുന്നതു കൊണ്ട് ഞങ്ങളുടെ കിടപ്പുമുറി മുകളിലായിരുന്നു. അതിനോടു ചേര്‍ന്ന് സായിപ്പിന്റെ കാലത്ത് ബില്ല്യാര്‍ഡ്‌സ് കളിച്ചിരുന്ന ഒരു മുറിയുണ്ടായിരുന്നു. അതായിരുന്നു അച്ചയുടെ മുകള്‍ നിലയിലെ ഓഫീസ്. മരപ്പലകകള്‍ കൊണ്ടു മച്ചു തറച്ചതായിരുന്നു അതിന്റെ ഫ്‌ളോര്‍…ആകാംക്ഷകള്‍ കോണിപ്പടി കയറി മുകളിലെത്തി. മുകള്‍ നിലയിലെ ഈ ഇടനാഴി, ഇവിടെയാണ് ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ കളിച്ചിരുന്നത്. പിന്നെ ഇവിടെയിരുന്നാണ് ഞാന്‍ വീണവായിക്കാന്‍ പഠിച്ചത്. അച്ച ചുമതലപ്പെടുത്തിയ ഒരു ടീച്ചര്‍ ഇവിടെ വന്നു പഠിപ്പിക്കുകയായിരുന്നു. ആഹാ..പാട്ടു പഠിച്ചിരുന്നോ, ഗായകര്‍ കൂടിയായ മന്ത്രിയുടെയും ഭാര്യയുടെയും മുഖത്ത് നിറഞ്ഞചിരി. ഓര്‍മകള്‍ ആകാശവാണിയില്‍ ലളിതസംഗീതം ആലപിച്ചിരുന്ന കാലം വീണെ്ടടുത്തു.
കോളജില്‍ പഠിച്ചിരുന്ന കാലത്തും തൃശൂര്‍ വിമല, സെന്റ് മേരീസ് കോളജുകളില്‍ അധ്യാപികയായിരുന്ന കാലത്തും ആകാശവാണിക്കു വേണ്ടി പാടിയിരുന്നു; 1992 ല്‍ അമേരിക്കയിലേക്കു പോകുംവരെ.പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞ് തിരുവനന്തപുരത്തു ചേര്‍ക്കാതെ അച്ച എന്നെ ചങ്ങനാശേരി അസംപ്ഷന്‍ കോളജിലാണ് ബിഎസ്‌സിക്കു ചേര്‍ത്തത്. മന്ത്രിയായിരിക്കുമ്പോള്‍ മകളെ തിരുവനന്തപുരത്തെ സര്‍ക്കാര്‍ കോളജില്‍ ചേര്‍ത്താല്‍, മന്ത്രിയെന്ന സ്വാധീനം ഉപയോഗിച്ചു എന്ന് ആളുകള്‍ പറയുമെന്നായിരുന്നു അതിന് അദ്ദേഹത്തിന്റെ ന്യായം. മക്കള്‍ എപ്പോഴും അടുത്തു തന്നെ വേണമെന്ന് ആഗ്രഹിച്ചിരുന്നിട്ടു കൂടി അച്ച അങ്ങനെ ചെയ്തു. ചേച്ചി ഗീതമ്മ പഠനത്തിനായി ജര്‍മനിയിലേക്കു പോയപ്പോഴാണ് അച്ച ആദ്യമായി കരയുന്നതു ഞാന്‍ കണ്ടത്. കൊച്ചിയില്‍ നിന്നു കപ്പലിലായിരുന്നു യാത്ര.
ചേച്ചിയെ യാത്ര അയയ്ക്കാന്‍ പോയി, കപ്പലില്‍ നിന്നു ഞങ്ങളെല്ലാവരും ഇറങ്ങിക്കഴിഞ്ഞ് അച്ച വീണ്ടും കപ്പലിലേക്കു കയറിപ്പോയി. മോളേ കുര്‍ബാന കൈക്കൊള്ളണം എന്നു പറയാനായിരുന്നു കയറിപ്പോയത്. ഗീതമ്മ പിന്നീട് അച്ചയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. 1964 ല്‍ അച്ച മരിക്കുമ്പോള്‍ ഞാന്‍ ബിഎസ്‌സി രണ്ടാം വര്‍ഷം പഠിക്കുകയായിരുന്നു. ഗീതച്ചേച്ചിയുടെ അടുത്തേക്ക് പോകാന്‍ അച്ചയും അമ്മയും തയാറെടുത്തിരിക്കുമ്പോഴാണ് അച്ചയെ മരണം കൂട്ടിക്കൊണ്ടു പോയത്. എന്തു തിരക്കുണെ്ടങ്കിലും തിരുവനന്തപുരത്തുള്ളപ്പോള്‍ കുടുംബസമേതം പുലര്‍ച്ചെ അഞ്ചരയ്ക്ക് പള്ളിയില്‍ പോകണമെന്ന് അച്ചയ്ക്ക് നിര്‍ബന്ധമായിരുന്നു. പാങ്ങോട് പള്ളിയിലായിരുന്നു പോയിരുന്നത്.
അതിനുശേഷം സമയം കിട്ടിയാല്‍ മക്കളെയെല്ലാം കൂട്ടി നാടുകാണിക്കാന്‍ കൊണ്ടുപോകുമായിരുന്നു വല്ലപ്പോഴും. അനുജന്‍ പി.സി തോമസ് അന്ന് ഞങ്ങളെയെല്ലാം പിന്നിലാക്കി ഈ വഴിയേ ഏറ്റവും മുന്നില്‍ ഓടും. നില്ലെടാ അവിടെ എന്നൊക്കെ അച്ച പറയും, പക്ഷേ അവനുണേ്ടാ കേള്‍ക്കു ന്നു… കളിച്ചുവളര്‍ന്ന മന്ത്രിമന്ദിരത്തിന്റെ മുറ്റത്തേക്കു നോക്കി ഓര്‍മകളെ സെലീന്‍ ഒരു നെടുവീര്‍പ്പിലൊതുക്കി. പിന്നെ മന്ത്രിക്കും ഭാര്യക്കും ഒപ്പം നിന്ന് സെലിനും ഭര്‍ത്താവ് ജോയ്‌സ് ജോണും മൊബൈല്‍ കാമറയില്‍ ഒരു ചിത്രമെടുത്തു.
പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പരേതനായ പി.ആര്‍. ജോണിന്റെ മകനാണു ജോയ്‌സ് ജോണ്‍. സിഇടി എന്‍ജിനിയറിംഗ് കോളജില്‍ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കുചേരാനാണ് ഭാര്യയ്‌ക്കൊപ്പം അദ്ദേഹം തലസ്ഥാനത്തെത്തിയത്. അമേരിക്കയില്‍ നിന്നു കേരളത്തിലേക്കു വരുംവഴി പഴയവീടു കാണണമെന്ന ആഗ്രഹം സെലീന്‍ ജോയ്‌സിനോടു പറഞ്ഞു. അങ്ങനെയാണ് അവരിരുവരും മന്ത്രിമന്ദിരത്തിലെത്തിയത്. ഇന്നലെ കൊച്ചിയിലേക്കു പോയ ഇരുവരും ജനുവരിയില്‍ അമേരിക്കയിലേക്കു മടങ്ങും. സെലീനും ജോയ്‌സിനും മക്കള്‍ രണ്ടാണ്. മൂത്ത മകന്‍ ദീപക് ഡല്‍ഹിയില്‍ കോര്‍പറേറ്റ് അഭിഭാഷകനാണ്. ഇളയമകന്‍ ജിജു ജോയ്‌സ് അമേരിക്കയില്‍ എന്‍ജിനിയറാണ്.