മാവേലിക്കര: ബിഡിജഐസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കേന്ദ്ര സ്പൈസസ് ബോർഡ് ചെയർമാനും എസ്എൻഡിപി മാവേലിക്കര യൂണിയൻ പ്രസിഡന്റുമായ സുഭാഷ് വാസു അഭിനവ ഹിറ്റ്ലറാണെന്ന് എസ്എൻഡിപി യോഗം അസി. സെക്രട്ടറി പി.ടി. മൻമഥൻ. യൂണിയൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമര പ്രഖ്യാപന കണ്വൻഷൻ മാവേലിക്കര ശ്രീകൃഷ്ണസഭാ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.കെ. മാധവന്റെ പാരന്പര്യമുള്ള മാവേലിക്കരയുടെ മണ്ണിൽ വെള്ളാപ്പള്ളി നടേശന്റെ പേരു നൽകി നടത്തി വന്ന കട്ടച്ചിറ എൻജിനിയറിംഗ് കോളജിൽ 80 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. 22 കോടി രൂപ കടത്തിലായ കോളജ് ജപ്തി ഭീഷണിയിലാണ്. സാധാരണക്കാരായ സമുദായംഗങ്ങളുടെ പണം സ്വന്തം താത്പര്യങ്ങൾക്കായി ഉപയോഗിച്ചു. കോന്നിയിൽ 28 ഏക്കർ ഭൂമി വാങ്ങി. മാവേലിക്കരയിൽ തന്നെ പലയിടത്തും ഭൂമി വാങ്ങിക്കൂട്ടി. സമുദായത്തെ മുന്നിൽ നിർത്തി കോടികൾ സന്പാദിച്ചു. സുഭാഷ് വാസു നന്ദികേടിന്റെ പര്യായമാണ്.
യോഗം ജനറൽ സെക്രട്ടറിയുടെ സ്ഥാനം മോഹിച്ച് അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്ന സുഭാഷിനു പ്രസ്ഥാനത്തിലിരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി എം. പണിക്കർ അധ്യക്ഷനായി. ദയകുമാർ ചെന്നിത്തല, വിജയകുമാർ പാറപ്പുറത്ത്, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, എസ്. അനിൽ രാജ്, വിനു ധർമരാജ്, സുധ വിജയകുട്ടൻ രഞ്ജിത് ചുനക്കര, അഭിലാഷ് ഓലകെട്ടിയന്പലം, ശ്രീജിത്ത്, ചന്ദ്ര ബോസ് വളളികുന്നം, വാസുദേവൻ, രാജേഷ്, അനിൽകുമാർ, വന്ദന സുരേഷ്, അജി പേരാത്തേരിൽ എന്നിവർ സംസാരിച്ചു.
യൂണിയനിൽ നടന്ന കോടികളുടെ സാന്പത്തിക ക്രമക്കേടുകളെക്കുറിച്ചും പണാപഹരണത്തെക്കുറിച്ചും യൂണിയൻ സംരക്ഷണ സമിതി നൽകിയ പരാതിയെ തുടർന്ന് യൂണിയൻ പ്രസിഡന്റും സെക്രട്ടറിയുമുൾപ്പടെ ഉള്ളവർക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇരുവരും നേതൃസ്ഥാനങ്ങൾ രാജിവെയ്ക്കണമെന്നും ഇവർ അപഹരിച്ച പണം യൂണിയനിൽ തിരികെ അടച്ച് പാവപ്പെട്ട സമുദായാംഗങ്ങളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരപ്രഖ്യാപന കണ്വൻഷനാണ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്.