സ്വന്തം ലേഖകന്‍
കോഴിക്കോട്:പിടിഎ റഹീംഎല്എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. ഇന്നലെ എംഎല്‍എയുടെ കുന്നമംഗലം ഓഫീസിലേക്ക് യൂത്ത്കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.
വ്യാപകമായി കള്ളപ്പണം ഒഴുക്കിയാണ് പി.ടി.എ. റഹീം മണ്ഡലത്തില്‍ നിന്നും വിജയിച്ചതെന്നാണ് ഇപ്പോള്‍ ആരാപണം ഉയര്‍ന്നിരിക്കുന്നത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അബുലൈസുമായി എംഎല്‍എയുടെ മകന് ബിസിനസ് ബന്ധങ്ങളുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ഈ ആക്ഷേപങ്ങള്‍ക്ക് ബലം പകരുന്നതാണ് ഹവാല ഇടപാടിന്റെ പേരില്‍ മകനും മരുമകനും അറസറ്റിലായ സംഭവം. കുന്നമംഗലത്ത് റഹീമിന്റെ എതിര് സ്ഥാനാര്‍ഥിയായിരുന്ന ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തികഴിഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ടി.സിദ്ദിഖ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായത്.എന്നിട്ടും പരാജയം നേരിട്ടത് നേതാക്കള്‍ക്കിടയില്‍ തന്നെ അമ്പരപ്പുളവാക്കിയിരുന്നു. പണക്കൊഴുപ്പിന്റെപിന്ബലത്തിലായിരുന്നു ആ വിജയം എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.
അതേസമയം പിടിഎ റഹീം “ജന്റില്മാൻ’ ആണെന്ന് കുന്നമംഗലത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന മുന്‍ സംസ്ഥാന പ്രസിഡന്‍്റ് സികെ.പത്മനാഭന് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്ലാവരും പണമൊഴുക്കാറുണ്ട്.പിടിഎ റഹീം സ്വതവേ മികച്ച സാമ്പത്തിക സ്ഥിതിയുള്ളയാളാണ്.
തെരഞ്ഞെടുപ്പില്‍ പരസ്പരം പോരടിച്ചിട്ടുണ്ടെങ്കിലും മികച്ച വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. മറ്റ് ആരോപണങ്ങളെകുറിച്ച് അറിയില്ല. തെരഞ്ഞെടുപ്പില്‍ മാന്യമായി പെരുമാറിയ സ്ഥാനാര്‍ഥിയായിരുന്നു പിടിഎ റഹീം എന്നും അദ്ദേഹം “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.അതേസമയം ബിജെപി ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല.
പിടിഎ റഹീം എംഎല്‍എയുടെ മകന് പി.ടി. ഷബീര്‍, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവരെയാണ് കഴിഞ്ഞ ദിവസം സൗദി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരുള്‍പ്പടെയുള്ള 20 അംഗ സംഘം ദമാമില്‍ അറസ്റ്റിലായത്.
രണ്ട് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹവാല ഇടപാടിലെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ് എന്നതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പിടിഎ റഹീം എംഎല്‍എ പ്രതികരിച്ചത്.
ഹവാല കേസില്‍ മകന്റെയും മരുമകന്റെയും അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ പിടിഎ റഹീം എംഎല്‍എയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മുഖ്യമന്ത്രിക്ക് കത്ത് നല്കി. ജലീല്‍ വിഷയത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിന് മറ്റൊരു തിരിച്ചടി കൂടിയായിരിക്കുകയാണ്. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ ബന്ധുനിയമനത്തിനൊപ്പം ഹവാല ഇടപാടും പ്രതിപക്ഷം ആയുധമാക്കും.