കൊച്ചി: തൃക്കാക്കര എംഎൽഎയും കോണ്ഗ്രസ് നേതാവുമായ പി.ടി. തോമസിന്റെ ഇന്നോവ കാറിന്റെ നാലു ടയറുകളുടെയും ബോൾട്ടുകൾ ഇളക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനു പോലീസ്. ഏതെങ്കിലും തരത്തിലുള്ള തിരിമറികൾ നടന്നിട്ടുണ്ടോയെന്നറിയാൻ സയന്റിഫിക്, ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ ഇന്നു വാഹനം പരിശോധിക്കും.
കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി ഇൗ വാഹനം പരിശോധിച്ചിരുന്നു. പരിശോധനാ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. ആദ്യഘട്ട അന്വേഷണത്തിൽ സംശയത്തക്ക രീതിയിൽ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വാഹനം താത്കാലികമായി പോലീസ് കസ്റ്റഡിയിലാണ്. മൂന്നു ദിവസം മുൻപു നെട്ടൂരുള്ള നിപ്പോണ് ടൊയോട്ടയിൽ കാർ സർവീസ് നടത്തിയിരുന്നു. ഇതിനുശേഷം നിരവധി സ്ഥലങ്ങളിൽ എംഎൽഎ യാത്ര ചെയ്തിരുന്നു.
ഇവിടങ്ങളിലെല്ലാം പരശോധന നടത്തുകയും സർവീസ് സെന്ററിലെ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണു കാറിന്റെ നാലു ടയറുകളുടെയും ബോൾട്ടുകൾ ഇളക്കിയ നിലയിൽ കാണപ്പെടുന്നത്. കോണ്ഗ്രസ് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ പങ്കെടുക്കാനായി കിഴക്കന്പലത്തേക്കു പോകവേ വൈറ്റിലയിൽവച്ചു മറ്റു വാഹനയാത്രക്കാരാണു ബോൾട്ടിളകിയ വിവരം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഒരു ടയർ ഉൗരിത്തെറിക്കാറായ നിലയിലായിരുന്നു. വാഹനം നിർത്തി പരിശോധിച്ചപ്പോൾ നാല് ടയറുകളുടെയും ബോൾട്ടുകൾ ഇളകിയതായി കണ്ടെത്തി.
സർവീസ് സെന്ററിൽനിന്ന് ആളുകൾ വന്നു പരിശോധിച്ചപ്പോൾ ഇതു സാങ്കേതിക പിഴവല്ലെന്നും ആരോ മനഃപൂർവം ചെയ്തതാണെന്നും സംശയം പ്രകടിപ്പിച്ചുവെന്നു പി.ടി. തോമസ് പറഞ്ഞു. കൊച്ചി, കടവന്ത്ര ഭാഗത്ത് ജവഹർ നഗറിലെ ഫ്ളാറ്റിനു മുന്നിലാണു സംഭവത്തിനു മുൻപു കാർ നിർത്തിയിട്ടിരുന്നത്. എന്നാൽ അവിടെവച്ചു കാറിൽ എന്തെങ്കിലും ചെയ്യാൻ സാഹചര്യമുണ്ടായിരുന്നില്ലെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.
ഡ്രൈവർ കാറിനുള്ളിൽ തന്നെയുണ്ടായിരുന്നു. സെക്യൂരിറ്റിയും സമീപമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്താണു സംഭവിച്ചതെന്നു പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാവാം ഇത്തരമൊരു ശ്രമമെന്ന സൂചനയെത്തുടർന്നു ഇന്നലെ ഉച്ചകഴിഞ്ഞാണ് എംഎൽഎ രേഖാമൂലം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ കൊലപാതക ശ്രമത്തിനു കേസെടുത്തിട്ടുണ്ടെന്നു എസ്ഐ വിപിൻകുമാർ പറഞ്ഞു.