കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് എംഎല്‍എയുടെ സംസ്കാരം ഇന്ന് വൈകുന്നേരം എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും.വെല്ലൂര്‍ സിഎംസിയില്‍ നിന്ന് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുലര്‍ച്ചെ നാലു മണിക്കാണ് തൊടുപുഴയില്‍ എത്തിച്ചത്.
മുമ്പ് നിശ്ചയിച്ചതിലും നാലു മണിക്കൂര്‍ വൈകിയാണ് മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര എത്തിയത്. തൊടുപുഴയിലെ പൊതുദര്‍ശനത്തിനുശേഷം രാവിലെ പത്തരയോടെ വിലാപയാത്ര കൊച്ചിയില്‍ എത്തിയത്. മൂവാറ്റുപുഴയിലും കോലഞ്ചേരിയിലുമെല്ലാം റോഡിന് ഇരുവശവുമായി ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്കു കാണാനായി കാത്തു നിന്നത്.
തുടര്‍ന്ന് പത്തു മിനിറ്റ് പാലാരിവട്ടത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു.വി.ഡി.സതീശന്, ഉമ്മന്‍ചാണ്ടി, കെ.സി. ജോസഫ്, എം.എം. ഹസന്, എംപിമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അതിരാവിലെ തന്നെ ഇവിടെ എത്തിയിരുന്നു.
ഹൈദരാബാദില്‍ ആയിരുന്ന ഉമ്മന്‍ചാണ്ടി വിയോഗവാര്‍ത്ത അറിഞ്ഞു അവിടെനിന്ന് ഉടന്‍ പുറപ്പെടുകയായിരുന്നു. പാലാരിവട്ടത്തെ വീട്ടില്‍ അടുത്ത ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും പത്തു മിനിറ്റ് സമയം അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിരുന്നു.
തുടര്‍ന്ന് എറണാകുളം ഡിസിസി ഓഫീസിലേക്കു മൃതദേഹം കൊണ്ടുപോയി. അവിടെ പൊതുദര്‍ശനത്തിന് അവസരം ഒരുക്കിയിരുന്നത്. തുടര്‍ന്നാണ് വിലാപയാത്ര എറണാകുളം ടൗണ്‍ഹാളിലേക്ക് എത്തിയത്. അവിടെ ഉച്ചയ്ക്ക് ഒന്നര വരെ പൊതുദര്‍ശനത്തിനു അവസരം ഒരുക്കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാം ഇവിടെയെത്തിയാണ് അന്ത്യാജ്ഞലി അര്‍പ്പിക്കുക. എറണാകുളം ഡിസിസി ഓഫീസിലും ടൗണ്‍ഹാളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പെടെ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് ഉള്ളത്.
ഒന്നരയ്ക്ക് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ മണ്ഡലമായ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തി അന്തിമോപചാരം അര്‍പ്പിക്കും. അവിടെ നിന്നാണ് സംസ്കാരത്തിനായി രവിപുരം ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകുന്നത്.
5.30നാണ് സംസ്കാരം നിശ്ചയിച്ചിരുന്നത് എങ്കിലും അന്തിമോപചാരം അർപ്പിക്കാനായി വൻ ജനാവലി എത്തിയതിനെ തുടർന്ന് ചടങ്ങുകൾ വൈകുമെന്നാണ് സൂചന. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി, വൈകിട്ട് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. കണ്ണുകള്‍ ദാനം ചെയ്യണമെന്നും എറണാകുളം രവിപുരം പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കണമെന്നും പി.ടി. തോമസ് അന്ത്യാഭിലാഷമായി പറഞ്ഞിരുന്നു.
ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഉപ്പുതോടിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം. മൃതദേഹത്തില്‍ റീത്ത് വയ്ക്കരുത്. അന്ത്യോപചാരസമയത്ത് വയലാറിന്റെ “ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുംതീരം’എന്ന ഗാനം ആലപിക്കണമെന്നും അന്ത്യാഭിലാഷത്തില്‍ സൂചിപ്പിച്ചിരുന്നു.