കൊച്ചി: കള്ളപ്പണ ഇടപാട് ആരോപണത്തിൽ പി.ടി.തോമസ് എംഎൽഎയ്ക്കെതിരേ വിജിലൻസ് അന്വേഷണം നടത്തും. ഇടപ്പള്ളി ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് പ്രാഥമിക അന്വേഷണം.
പരാതിയിലെ ആരോപണത്തിൽ കഴമ്പുണ്ടോയെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്നുമായിരിക്കും ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്.
പി.ടി.തോമസിനെതിരേ എറണാകുളം വിജിലൻസിൽ ലഭിച്ച പരാതി വിജിലൻസ് ആസ്ഥാനത്തേക്ക് കൈമാറുകയായിരുന്നു.
പിന്നാലെ അന്വേഷണം ശിപാർശ ചെയ്ത് ഡിജിപി ആഭ്യന്തരവകുപ്പിനെ സമീപിച്ചു. പരാതി പരിശോധിച്ച് പ്രാഥമിക അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയതോടെയാണ് പുതിയ നീക്കം.