കൊച്ചി: അന്തരിച്ച തൃക്കാക്കര എംഎൽഎയും കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റുമായിരുന്ന പി.ടി.തോമസ് എംഎൽഎയുടെ ചിതാഭസ്മം ഇന്ന് മാതാവിന്റെ കല്ലറയിൽ അടക്കം ചെയ്യും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം അനുസരിച്ചാണ് ചടങ്ങ്.
ചിതാഭസ്മം വഹിച്ചുള്ള സ്മൃതി യാത്ര രാവിലെ എറണാകുളം പാലാരിവട്ടത്തെ വസതിയിൽ നിന്നും ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ മുൻ എംഎൽഎ വി.പി.സജീന്ദ്രൻ ചിതാഭസ്മം ഏറ്റുവാങ്ങി.
എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെയാകും യാത്ര പുരോഗമിക്കുക. നേര്യമംഗലത്ത് വച്ച് ഇടുക്കി ഡിസിസി ചിതാഭസ്മം ഏറ്റുവാങ്ങും.
വൈകിട്ട് നാലിന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിലെ മാതാവിന്റെ കല്ലറയിലാണ് ചിതാഭസ്മം അടക്കം ചെയ്യുന്നത്. പള്ളിയിലെ ചടങ്ങുകളിൽ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് വിവരം.
ചടങ്ങുകൾക്ക് ഇടുക്കി രൂപത മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദേവാലയത്തിന്റെ കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നും മതവികാരം വ്രണപ്പെടുത്തുന്ന നടപടികളൊന്നും ഉണ്ടാകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ചടങ്ങുകളിൽ പ്രാർഥനാപൂർവമായ നിശബ്ദത പുലർത്തണമെന്നും ഇടുക്കി രൂപതാ മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കൽ ഇടവകയ്ക്ക് നൽകിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.