കൊച്ചി: കൊച്ചിയിൽ ഇന്നലെ ആദായനികുതി വകുപ്പ് ലക്ഷങ്ങൾ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടു തനിക്കെതിരേ നടക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ചു പി.ടി.തോമസ് എംഎൽഎ.
വൻ തുക പിടിച്ചെടുത്ത സ്ഥലത്തുനിന്ന് എംഎൽഎ ഒാടിരക്ഷപ്പെട്ടു എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന പ്രചരണത്തിനിടയിലാണ് അദ്ദേഹം രാഷ്ട്രദീപികയോടു പ്രതികരിച്ചത്.
ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്‍ ശ്രമിച്ച ലക്ഷങ്ങള്‍ ആദായനികുതി വകുപ്പ് പിടികൂടിയ സംഭവത്തില്‍ തന്റെ പേര് വിവാദപരമായ രീതിയിൽ പരാമർശിക്കുന്നതിനെതിരേയാണ് കോണ്‍ഗ്രസ് എംഎല്‍എ പി.ടി. തോമസ് രംഗത്തെത്തിയത്.
സ്ഥലത്തെ ഭൂമി പ്രശ്നം പരിഹരിക്കാനാണ് താൻ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണു ഇന്നലത്തെ ചര്ച്ചകളത്രേ. പ്രദേശത്തെ സിപിഎം നേതാവടക്കം ചര്‍ച്ചകളുടെ ഭാഗമായി സ്ഥലത്ത് എത്തിയിരുന്നുവെന്നും എംഎൽഎ പറഞ്ഞു.
നാളുകളായി നിലനില്‍ക്കുന്ന ഭൂമി വിഷയം ഒത്തുതീര്പ്പാക്കുന്നതിനായാണു വിവിധ രാഷ്ട്രീയ നേതാക്കളടക്കം ചര്‍ച്ച നടത്തിയത്. ചര്‍ച്ചകളുടെ ഫലമായി ഒത്തുതീര്‍പ്പിലെത്തി മടങ്ങിയ ശേഷമാണു ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് വന്നത്.
സ്ഥലത്തെ വിഷയം ഒത്തുതീര്പ്പാക്കണമെന്നുകാട്ടി എംഎല്‍എയ്ക്കടക്കം നേരത്തേ പരാതി ലഭിച്ചിരുന്നു. സംഭവത്തില്‍ തന്റെ പേരു തെറ്റായി വലിച്ചിഴയ്ക്കുന്നതിനെതിരേ നിയമപടി സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കു ശേഷം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിനടുത്തു രാജീവ് എന്നയാളുടെ വീട്ടിൽനിന്നാണ് അനധികൃതമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപയോളം ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.
ഇയാളിൽനിന്നു സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണൻ എന്നയാളും ഇവിടെയുണ്ടായിരുന്നു. ഇയാൾ കൊണ്ടുവന്ന പണമെന്നാണ് കരുതുന്നത്.അഞ്ചുമന ഭാഗത്തെ മൂന്ന് സെന്റ് വീടും 80 ലക്ഷം രൂപയ്ക്കു വാങ്ങാന്‍ ധാരണയിലെത്തിയിരുന്നു.
കരാര്‍ എഴുതുന്നതിന്റെ ഭാഗമായി എത്തിയ പണമാണു പിടികൂടിയത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആദായ നികുതി വകുപ്പ് എത്തിയതോടെ രക്ഷപ്പെട്ടന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്തകൾ.
പുറമ്പോക്ക് ഭൂമിയാണു വില്പന നടത്താന്‍ ശ്രമിച്ചതെന്നും ആരോപണങ്ങളുണ്ട്. പിടികൂടിയ പണത്തിന്റെ ഉറവിടം പരിശോധിക്കുന്ന അധികൃതര്‍ നികുതി ചുമത്തുമെന്നാണു സൂചന.