കോഴിക്കോട്: പി.യു.ചിത്രയ്ക്ക് അനുകൂലമായ കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് ഒളിന്പ്യൻ പി.ടി.ഉഷ. ഇന്ത്യൻ അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികൾ സംസാരിച്ചാൽ ചിത്രയ്ക്ക് മീറ്റിൽ മത്സരിക്കാൻ സാധിച്ചേക്കുമെന്ന് ഉഷ പറഞ്ഞു. പി.യു.ചിത്രയെ ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ മത്സരിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനോടു പ്രതികരിക്കുകയായിരുന്നു ഉഷ.
യോഗ്യത നേടിയിട്ടും സാധ്യതാപട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരേയാണ് ചിത്ര ഹൈക്കോടതിയെ സമീപിച്ചത്. ചിത്രയുടെ മത്സര ഇനമായ 1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെയും അത്ലറ്റിക് ഫെഡറേഷന്റെയും ഉത്തരവാദിത്തമാണെന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി ഉത്തരവിട്ടു. യോഗ്യതയില്ലാത്തവർ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു നിരീക്ഷിച്ച കോടതി ടീം തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായും കുറ്റപ്പെടുത്തി.
ഇതേതുടർന്ന് കോടതി ഉത്തരവ് നടപ്പാക്കാൻ അത്ലറ്റിക്സ് ഫെഡറേഷനോടു നിർദേശിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ പ്രതികരിച്ചിരുന്നു.