കോട്ടയം: തനിക്കെതിരേ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ സാധാരണക്കാരിയായ മലയാളി സ്ത്രീ എന്ന നിലയ്ക്ക് സ്ത്രീ പീഡനമാണെന്ന് പി.ടി. ഉഷ. പി.യു. ചിത്രയെ ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍നിന്ന് ഒഴിവാക്കിയതിനു പിന്നില്‍ താനാണെന്ന ആരോപണം ഉയരവെയാണ് അവര്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഉഷയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം-
മലയാളത്തിലെ ദ്യശ്യ മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും എന്നെപ്പോലെ സാധാരണക്കാരിയായ മലയാളി സ്ത്രീക്ക് സ്ത്രീ പീഡനമായിട്ടാണ് അനുഭവവേദ്യമാകുന്നത്. ഇത്തരത്തില്‍ അസഹ്യമായ ദൃശ്യമാധ്യമ പീഡനം ചെറിയ കാര്യങ്ങളില്‍ ദുഃഖിക്കുകയും അതുപോലേ സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീക്ക് സഹിക്കാവുന്നതില്‍ അപ്പുറത്താണ് .
വൃദ്ധയായ മാതാവിനും ഭര്‍ത്താവിനും സഹോദരി സഹോദരന്മാര്ക്കും ഏകമകനോടുമൊപ്പം മനഃസമാധാനത്തോടും സന്തോഷത്തോടും കൂടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട് .അതിനാല്‍ അസഹ്യമായ ദൃശ്യ മാധ്യമ പീഡനത്തില്‍ പ്രതിഷേധിച്ച് പി.ടി. ഉഷയെന്ന ഞാന്‍ ഇന്ന് മുതല്‍ ദ്യശ്യമാധ്യമങ്ങളുമായി സഹകരിക്കുന്നതല്ല എന്ന് എന്റെ എല്ലാ നല്ലവരായ മലയാള മാധ്യമ സുഹൃത്തുക്കളെയും അറിയിച്ചു കൊള്ളുന്നു. ഞാനീ കാര്യത്തില്‍ നിസഹായയാണ് .എന്നോട് സദയം ക്ഷമിക്കുക. എനിക്കും ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട് .
സസ്നേഹം, സ്വന്തം പി. ടി. ഉഷ