സ്വന്തം ലേഖകൻ
കോഴിക്കോട്: വെസ്റ്റ്ഹിൽ എൻജിനിയറിംഗ് കോളജിന്റെ ഉടമസ്ഥതയിലുള്ള പത്ത് സെന്റ് ഭൂമി മുൻ ഒളിന്പ്യൻ പി.ടി. ഉഷയ്ക്ക് നൽകുന്നതിനോട് തികച്ചും വിയോജിപ്പെന്ന് സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡൻറ് ടി.പി.ദാസൻ. ഭൂമിയോ വീടോ ഇല്ലാത്ത കായികതാരങ്ങൾക്കാണ് സർക്കാർ ഭൂമിയും വീടും നൽകുന്നത്.
എന്നാൽ ഭൂമി സ്വന്തമായി ഉള്ള പലരും സർക്കാരിൽ നിന്ന് ഭൂമി കൈക്കലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി.ടി. ഉഷയ്ക്ക് പയ്യോളിയിൽ സർക്കാർ വീടു പണിതു നൽകിയിട്ടുണ്ട്. ഇതിനു പുറമെ സർക്കാരും സ്പോർട്സ് കൗണ്‍സിലും കാറും നൽകി. സ്വന്തമായി വീടുള്ള ഉഷയ്ക്ക് ഇനി മറ്റൊരു വീട് സർക്കാർ ചെലവിൽ നൽകേണ്ട കാര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ജില്ലാസ്പോർട്സ് കൗണ്‍സിലും പി.ടി. ഉഷയ്ക്ക് സൗജന്യമായി ഭുമി വിട്ടുനൽകേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. കോടികൾ വിലമതിക്കുന്ന നഗരഹൃദയത്തിലെ പത്തു സെന്റ് ഭൂമി മുൻ കായികതാരം പി.ടി. ഉഷയ്ക്ക് നൽകേണ്ടെന്ന് സിപിഎം ജില്ലാകമ്മിറ്റി തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. എസ്എഫ്ഐയടക്കം ഇടതു സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് വെസ്റ്റ്ഹില്ലിലെ ഭൂമി നൽകേണ്ടെന്ന് തീരുമാനിച്ചത്.
തീരുമാനം ഇതിനകം സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തു.മികച്ച കായിതാരങ്ങൾക്ക് വീട് വയ്ക്കാനുള്ള ഭൂമി സർക്കാർ സൗജന്യമായി അനുവദിക്കാറുണ്ട്. ഭൂരിപക്ഷം താരങ്ങളും നിർധന സാന്പത്തിക പശ്ചാത്തലത്തിലുള്ളവരായതിനാലാണ് സർക്കാർ ഇങ്ങനെ ഭൂമി അനുവദിക്കുന്നത്. ഈ ആനുകൂല്യം പി.ടി. ഉഷ വർഷങ്ങൾക്കുമുൻപ് കൈപ്പറ്റിയതായി രേഖകൾ പറയുന്നു. അന്ന് പയ്യോളിയിലെ സ്വന്തം സ്ഥലത്ത് വീട് വയ്ക്കാമെന്നും ഇതിനുള്ള പണം നൽകിയാൽ മതിയെന്നും ഉഷ ആവശ്യപ്പെട്ടതനുസരിച്ച് വൻതുകയും, കാറും സർക്കാർ അനുവദിച്ചിരുന്നു. ഇതിനുശേഷം ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സിനായി കിനാലൂരിലെ ഏക്കർ കണക്കിന് ഭൂമി വിട്ടുനൽകി.
സ്കൂൾ നടത്തിപ്പിന് സംസ്ഥാന-കേന്ദ്ര സർക്കാരുകളിൽ നിന്നും, സ്വകാര്യ വ്യക്തികളിൽ നിന്നുമായി കോടിക്കണക്കിന് രൂപ ഉഷ കൈപ്പറ്റിയിട്ടുണ്ട്. കോടികളുടെ ആസ്തി ഉണ്ടായിട്ടും ഗവ.എൻജിനിയറിംഗ് കോളജിന്റെ കോടികൾ വിലമതിയ്ക്കുന്ന ഭൂമി കൈക്കലാക്കാനുള്ള നീക്കമുണ്ടായപ്പോഴാണ് ഇതിനെതിരെ കായിക സംഘടനകളും, കായിക പ്രേമികളും രംഗത്തുവന്നത്. പി.ടി. ഉഷയ്ക്ക് കോഴിക്കോട് നഗരഹൃദയത്തിൽ 15 കോടി രൂപ വിലവരുന്ന പത്ത്സെൻറ് ഭൂമി കൂടി സ്വന്തമായുണ്ടെന്ന് കായികപ്രേമികളുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സ്ഥരീകരിച്ചിരുന്നു. മാവൂർറോഡിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമുച്ചയത്തിനോടു ചേർന്ന് ബസ് സ്റ്റാൻഡിനും നാഷണൽ ഹോസ്പിറ്റലിനും ഇടയിലാണ് വീട് വയ്ക്കാൻ അനുയോജ്യമായ ഈ ഭൂമി.