കോഴിക്കോട്: നഗരത്തിൽ വീടില്ലെന്ന ഒളിന്പ്യൻ പി.ടി.ഉഷയുടെ അഭ്യർഥന കണക്കിലെടുത്ത് ഗവ.എൻജിനീയറിംഗ് കോളജിന്റെ കോടികൾ വിലമതിക്കുന്ന നഗരഹൃദയത്തിലെ പത്തു സെന്റ് ഭൂമി സൗജന്യമായി പതിച്ചുനൽകാനുള്ള സർക്കാർ നീക്കം വീണ്ടും വിവാദത്തിൽ. മുൻ യുഡിഎഫ് ഭരണകാലത്ത് ഭൂമി അനുവദിക്കുകയും, വിദ്യാർഥികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെതുടർന്ന് പ്രശ്നം കെട്ടടങ്ങുകയും ചെയ്തശേഷം ഇപ്പോൾ വീണ്ടും അത് തരപ്പെടുത്തുകയും ചെയ്തതിനെതിരെയാണ് ഇടതുസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ടെക്നിക്കൽ എജ്യുക്കേഷൻ വകുപ്പിന്റെ കൈവശമുള്ളതും വനിതാ ഹോസ്റ്റലിനായി നീക്കിവച്ചതുമായ ഈ ഭൂമി ഉഷയ്ക്ക് വിട്ടുനൽകരുതെന്നാവശ്യപ്പെട്ട് ഗവ.എൻജിനീയറിംഗ് കോളജിലെ എസ്എഫ്ഐ അടക്കം വിദ്യാർഥി സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഇന്നലെ ചേർന്ന കോഴിക്കോട് നഗരസഭാ കൗണ്‍സിലും ഏകകണ്ഠമായി ഇതിനെതിരെ പ്രതിഷേധം ഉയർത്തി. ഇടതുപക്ഷ കൗണ്‍സിലറാണ് ഇതും സംബന്ധിച്ച് കൗണ്‍സിലിന്റെ ശ്രദ്ധ ക്ഷണിച്ചതെന്നതും ശ്രദ്ധേയമായി.
സ്വന്തം വീട് പയ്യോളിയിൽ ആയതിനാൽ നഗരത്തിൽ പുതിയ വീടുവയ്ക്കാൻ 20 സെൻറ് ഭൂമി സൗജന്യമായി വിട്ടുനൽകണമെന്ന് ഉഷ 2013ൽ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ അഞ്ചു സെന്റ് റവന്യു ഭൂമി ലഭ്യമാണോ എന്ന് ലാൻഡ് റവന്യു കമ്മീഷണർ അന്വേഷിക്കുകയും, ഇല്ലെന്ന് വില്ലേജ് അധികൃതർ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിനുശേഷം ഉഷ തന്നെയാണ് ഗവ.എഞ്ചിനിയറിംഗ് കോളജിന് പിന്നിലായി ടി.പി.നാരായണൻ നായർ റോഡിലെ ഭൂമി ചൂണ്ടിക്കാണിച്ചത്. ഇവിടെ 25 ലക്ഷം രൂപ സെന്റിന് വിലവരും. യുഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിൽ ഭൂമി പതിച്ചുനൽകാൻ നീക്കം നടന്നെങ്കിലും ശക്തമായ എതിർപ്പുമൂലം നടന്നില്ല. ഇതേ തുടർന്ന് ഉഷ പിന്മാറിയതായ പ്രചാരണവുമുണ്ടായി.
ഗവ.എൻജിനീയറിംഗ് കോളജ്, ഗവ. പോളിടെക്നിക് കോളജ്, ടെക്നിക്കൽ ഹൈസ്ക്കൂൾ എന്നീ മൂന്ന് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ ടെക്നിക്കൽ എജ്യുക്കേഷൻ വകുപ്പിന് കീഴിൽ ആകെ 1.43 ഏക്കർ ഭൂമിയാണുള്ളത്. മറ്റൊരു വകുപ്പിന് കീഴിലുള്ള ഇതിൽ നിന്നും പത്ത് സെന്റ്്, 1995ലെ കേരള ഭൂമി പതിവ് ചട്ടങ്ങളിലെ 21(11) പ്രകാരം സർക്കാരിൽ ന്ക്ഷിപ്തമായ പ്രത്യേക അധികാരം വിനിയോഗിച്ച് പി.ടി.ഉഷയ്ക്ക് സൗജന്യമായി പതിച്ചു നൽകുന്നു എന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്. ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സ്ഥലദൗർലഭ്യം മൂലം കഷ്ടപ്പെടുന്ന ഗവ. എൻജിനീയറിംഗ് കോളജിന്റെ ഒരുതരി ഭൂമി പോലും അന്യാധീനപ്പെടുത്താൻ അനുവദിക്കില്ലെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. എൻജിനീയറിംഗ് കോളജിന് വനിതാ ഹോസ്റ്റൽ നിർമിക്കാൻ നീക്കിവച്ചതാണ് ഇതടക്കമുള്ള ഭൂമി. നിലവിലെ ഹോസ്റ്റലിൽ 150 പേർക്കു മാത്രമെ താമസ സൗകര്യമുള്ളൂ. ബാക്കി അഞ്ഞൂറോളം പെണ്‍കുട്ടികൾ സ്വകാര്യ ലോഡ്ജുകളിലും മറ്റുമാണ് താമസിക്കുന്നത്. രണ്ടാമത്തെ വനിതാ ഹോസ്റ്റൽ നിർമിക്കാൻ സർക്കാർ നേരത്തെ 20 ലക്ഷം രൂപ ആദ്യ ഗഡുവായി അനുവദിച്ചിരുന്നു. നഗരത്തിൽ വീടില്ലെന്ന ഉഷയുടെ പരാതി വ്യാജമാണെന്നു തെളിയാക്കാൻ വിദ്യാർഥികൾ നേരത്തെ വിവരശേഖരണം നടത്തിയിരുന്നു.
വെസ്റ്റ്ഹിൽ ചുങ്കം ജംഗ്ഷനു സമീപം ബൈപാസിനോടു ചേർന്ന് അര ഏക്കറോളം ഭൂമിയും പഴയ ആർസി വീടും ഉഷയ്ക്ക് സ്വന്തമായുണ്ടെന്ന് പ്രദേശവാസികൾ വിദ്യാർഥികൾക്ക് തെളിവ് നൽകി. ഇതിനുപുറമെ കോഴിക്കോട് കെഎസ് ആർടിസി ബസ് സ്റ്റാൻഡിനോടു ചേർന്ന് 1991ൽ ഉഷ പത്ത് സെന്റ് ഭൂമി വാങ്ങിയതിന്റെ തെളിവും വിദ്യാർഥികൾ ശേഖരിച്ചിട്ടുണ്ട്. നഗര പരിസരത്തെ കസബ, പുതിയങ്ങാടി, നഗരം, ബേപ്പൂർ, പന്തീരാങ്കാവ്, കാക്കൂർ വില്ലേജുകളിലായി ഏക്കർ കണക്കിന് റവന്യൂഭൂമി ഉണ്ടായിരിക്കെയാണ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭൂമി പതിച്ചുനൽകാൻ സർക്കാർ ഉത്തരവുണ്ടായത്.
ഉഷയ്ക്ക് ആ ഭൂമി നൽകില്ലെന്ന്സിപിഎം ജില്ലാ നേതൃത്വം
കോഴിക്കോട്: ഗവ.എൻജിനീയറിംഗ് കോളജിന്റെ കോടികൾ വിലമതിക്കുന്ന നഗരഹൃദയത്തിലെ പത്തു സെൻറ് ഭൂമി മുൻ കായികതാരം പി.ടി.ഉഷയ്ക്ക് നൽകേണ്ടെന്ന് പാർട്ടി തീരുമാനം. എസ്എഫ്ഐയടക്കം ഇടതു സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് വെസ്റ്റ്ഹില്ലിലെ ഭൂമി നൽകേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്. തീരുമാനം ഇതിനകം സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തു. റവന്യൂ ലാൻഡ് ബാങ്കിൽ നിന്നും മറ്റെവിടെയെങ്കിലും ഭൂമി നൽകാൻ കഴിയുമോ എന്ന കാര്യമാണ് പരിശോധിക്കുന്നത്.
നഗരത്തിൽ വീടില്ലെന്ന പി.ടി.ഉഷയുടെ അഭ്യർഥനയെതുടർന്നാണ് ഭുമി സൗജന്യമായി വിട്ടുനൽകാനുള്ള നീക്കം മുൻ സർക്കാരിൻറെ കാലത്ത് നടന്നത്. പക്ഷെ, ഉഷയ്ക്കും ബന്ധുക്കൾക്കും കോഴിക്കോട് കെഎസ്ആർടിസി പരിസരം, വെസ്റ്റ്ഹിൽ ചുങ്കം തുടങ്ങി ഇടങ്ങളിൽ വീടിന് അനുയോജ്യമായ ആവശ്യത്തിലധികം ഭൂമിയുണ്ടെന്ന് പാർട്ടി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഗവ. എഞ്ചിനിയറിങ്ങ് കോളജിന്റെ ഭൂമി നൽകേണ്ടെന്ന മുൻതീരുമാനപ്രകാരമാണ് ഇന്നലെ സിപിഎം കൗണ്‍സിലർതന്നെ വിഷയം നഗരസഭാ കൗണ്‍സിലിൽ അവതരിപ്പിച്ചത്.