പയ്യന്നൂർ: വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ കാറ്റിൽപറത്തി സ്കൂൾ പിടിഎ ഫണ്ടിലേക്കുള്ള സംഭാവനയുടെ പേരിൽ സ്കൂൾ അധികൃതർ രക്ഷിതാക്കളെ പിഴിയുന്നതായി ആക്ഷേപം. എൽപി സ്കൂളിൽ 20 രൂപയും യുപി സ്കൂളിൽ 40 രൂപയും ഹൈസ്കൂളിൽ 60 രൂപയും ഹയർസെക്കൻഡറിയിൽ പരമാവധി 450 രൂപ വരേയും മാത്രമേ പിടിഎ ഫണ്ടിനായി സംഭാവന വാങ്ങാവൂ എന്നാണു സർക്കാർ ഉത്തരവിലുള്ളത്.
എന്നാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളുകളിൽ 3,000, 5,000 എന്നിങ്ങനെ സംഭാവനയായി ചോദിച്ചു വാങ്ങുകയാണെന്നാണു രക്ഷിതാക്കളുടെ ആരോപണം. ഇത്തരം പരാതികൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു പിടിഎ ഫണ്ട് സമാഹരണത്തിനു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
വകുപ്പ് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ധനസമാഹരണം നടത്തിയാൽ അത് അച്ചടക്കലംഘനമാണെന്നു മുന്നറിയിപ്പ് നൽകുകയും ഇതിനെതിരേ നടപടിയെടുക്കാൻ ഉപഡയറക്ടർമാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സർക്കാർ-എയ്ഡഡ് സ്കൂളുകൾക്കു ബാധകമായ ഈ നിർദേശത്തിന്റെ കോപ്പി എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർക്കും മുഖ്യാധ്യാപകർക്കും നൽകിയിരുന്നതാണ്. ഇതൊക്കെ മറികടന്നും സംഭാവന ആവശ്യപ്പെടുന്നുവെന്നാണ് ആക്ഷേപം.