പത്തനംതിട്ട: മഴ കനത്താൽ പന്പ, കക്കി സംഭരണികളുടെ ഷട്ടറുകൾ ഇനിയും ഉയർത്താതെ നിർവാഹമില്ലെന്നു കെഎസ്ഇബി അധികൃതർ. രണ്ടിടത്തും പൂർണ സംഭരണ ശേഷിക്കടുത്താണ് ജലനിരപ്പ്. രണ്ടിടത്തും ഷട്ടറുകൾ പൂർണമായി അടച്ചിട്ടില്ല.
പ്രളയക്കെടുതികൾ രൂക്ഷമായതോടെ ഷട്ടറുകൾ ഭാഗികമായി താഴ്ത്തിക്കൊണ്ടുവരികയായിരുന്നു. എന്നാൽ, ഇന്നലെ രാവിലെ മുതൽ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാണ്. ഇതോടെ ഒന്നര അടി വരെ ഇന്നലെയും ഷട്ടറുകൾ ഉയർത്തേണ്ടിവന്നു. ഇതു നേരിയ തോതിൽ നദിയിലെ ജലനിരപ്പ് ഉയർത്തി.
റാന്നിയിലും മറ്റും വെള്ളം ഇറങ്ങിവരവേ ചെറിയ തോതിൽ കയറ്റവുമുണ്ടായി. കാലവർഷം ഇനി ശക്തമാകാതിരുന്നാൽ ഷട്ടറുകൾ പൂർണമായി അടയ്ക്കും. വരാനുള്ള തുലാംവർഷം മറ്റൊരു ഭീഷണിയാണ്. ഒക്ടോബറിൽ തുലാംവർഷം ആരംഭിച്ചാൽ സ്ഥിതി ഗുരുതരമാകും.
ഷട്ടർ, ഉരുൾപൊട്ടൽ
പന്പ, കക്കി സംഭരണികളിലെ വെള്ളം ഉപയോഗിച്ചു ശബരിഗിരി പദ്ധതിയിലെ അഞ്ച് ജനറേറ്ററുകളിലൂടെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയിലെ ശക്തമായ മഴയിൽ പന്പയുടെ ഷട്ടറുകൾ ആറടി വരെ ഉയർത്തിയിരുന്നു. ആറ് ഷട്ടറുകളും ആറടി ഉയർത്തിയതോടെയാണ് പ്രളയജലം പന്പാനദിയിലേക്ക് എത്തിയത്. സമാനമായ സാഹചര്യം കക്കിയിലുമുണ്ടായി. കക്കി – ആനത്തോട് സംഭരണിയിൽ നാലു ഷട്ടറുകളാണുള്ളത്.
മൂഴിയാറിലും ഷട്ടറുകൾ കൂടുതൽ ഉയർത്തി. പന്പ സംഭരണിയോടു ചേർന്ന ചെറുസംഭരണികളും നിറഞ്ഞൊഴുകി. മൂഴിയാറിനു താഴേക്കുള്ള അള്ളുങ്കൽ, കാരിക്കയം, മണിയാർ സംഭരണികളും നിറഞ്ഞൊഴുകി. ഇതോടൊപ്പം ഒരു ഡസനോളം ഉരുൾപൊട്ടലുകളും. കനത്ത മഴയും പന്പയുടെ വൃഷ്ടിപ്രദേശങ്ങളിലുണ്ടായി. ഇവയെല്ലാം കൂടിയാണ് ഇപ്പോൾ പ്രളയജലമായി താഴേക്ക് ഒഴുകിയെത്തിയിരിക്കുന്നത്.
മൂന്നു നദികൾ
176 കിലോമീറ്ററാണ് പന്പാനദിയുടെ നീളം. 2235 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടി പ്രദേശം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെയാണ് ഒഴുക്ക്. ഇന്ന് ഈ പ്രദേശങ്ങളെയും തീരത്തുനിന്നു കിലോമീറ്ററുകൾക്കപ്പുറത്തേക്കും പ്രളയം വിഴുങ്ങിക്കഴിഞ്ഞു. പന്പയും അച്ചൻകോവിലും സംഗമിക്കുന്നത് വീയപുരത്താണ്. മണിമലയാർ കൂടി എത്തുന്നതോടെ അപ്പർകുട്ടനാട്, കുട്ടനാട് പ്രദേശങ്ങളെ പ്രളയജലം മൂടുന്ന അവസ്ഥ.