ചാലക്കുടി: ചാലക്കുടിയിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥിനികളെ നിരന്തരമായി ശാരീരികമായി പീഡിപ്പിച്ച പിടിഎ പ്രസിഡന്റിനെ അറസ്റ്റുചെയ്തു. വി.ആര്‍.പുരം എടാര്‍ത്ത് ഉണ്ണികൃഷ്ണന്‍ (51) നെയാണ് എസ്‌ഐ ജയേഷ് ബാലന്‍ അറസ്റ്റുചെയ്തത്. ഇയാള്‍ കുറച്ചുകാലമായി സ്കൂളിലെ വിദ്യാര്‍ഥിനികളെ നിരന്തരമായി ശാരീരികമായി ശല്യം ചെയ്തുവരികയായിരുന്നു. എന്നാല്‍ കുട്ടികള്‍ ഭയവും ജാള്യതയുംമൂലം പുറത്താരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ കുട്ടികള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ കുറിപ്പ് എഴുതിയിട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പിടിഎ പ്രസിഡന്റ് മുങ്ങി.
ആദ്യം ഗുരുവായൂരിലെത്തിയ ഉണ്ണികൃഷ്ണന്‍ അവിടെ ഒരുദിവസം തങ്ങി. എന്നാല്‍ പോലീസ് അന്വേഷിച്ചെത്തിയതോടെ പിടികൊടുക്കാതെ സ്ഥലംവിട്ടു. പിന്നീട് പറശിനിക്കടവിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. പോലീസ് പിന്‍തുടരുന്നതറിഞ്ഞ് മലക്കപ്പാറയിലും അവിടെനിന്നും മേലൂര്‍, കല്ലേറ്റുംകര എന്നിവിടങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു. പോലീസ് ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് നെല്ലായി പന്തല്ലൂരുള്ള ഒരു ബന്ധുവീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്. ഇവിടെനിന്നാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.വി.ആര്‍. പുരത്തെ സാംസ്കാരിക പ്രവര്‍ത്തകന്‍കൂടിയായ ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ നാലുവര്‍ഷമായി സ്കൂളിലെ പിടിഎ പ്രസിഡന്റാണ്.
ഓട്ടോറിക്ഷ തൊഴിലാളികൂടിയായ ഇയാള്‍ സ്കൂളിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍നിന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. നാട്ടിലെ എല്ലാ പൊതുപ്രവര്‍ത്തനത്തിനും സജീവമായിരുന്ന ഒരു പ്രമുഖ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറികൂടിയാണ്. വിദ്യാര്‍ഥിനികളുമായി വളരെ അടുത്ത് ഇടപഴകിയിരുന്ന ഇയാള്‍ പിടിഎ പ്രസിഡന്റ് എന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുവരികയാണുണ്ടായതെന്ന് ഡിവൈഎസ്പി പി.പി.വാഹിദ് പറഞ്ഞു.
വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചിരുന്നത് കുറച്ചുനാളായി നടക്കുന്നുണ്ടെങ്കിലും സംഭവം പുറത്തുകൊണ്ടുവരാന്‍ ഒരു പെണ്‍കുട്ടി കാണിച്ച ആര്‍ജവം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐ ഇതിഹാസ് താഹ, എഎസ്‌ഐ ഷാജു എടത്താടന്‍, സീനിയര്‍ സിപിഒ കെ.വി.തമ്പി, പി.എം.മൂസ, വി.ജെ.ജിജോ, ഫിജോ തോമസ്, ഇ.എസ്.ജീവന്‍, വനിത സിപിഒ കെ.എ.ബീനമോള്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.