പത്തനംതിട്ട: പട്ടിക വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശിയായ പ്രതിയെ കോടതി 35 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. കൂടാതെ 50, 000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.
പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി നരേന് ദേബ് നാഥി(30)നെയാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് ഫസ്റ്റ് കോടതി (പോക്സോ സ്പെഷല്‍ കോടതി)ശിക്ഷിച്ചത്.
പത്തനംതിട്ട ജില്ലയില്‍ ഇതാദ്യമായാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമമായ പോക്സോ ഉള്‍പ്പെട്ട ഒരു കേസില്‍ ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി കിരണ്‍രാജ് ഹാജരായി.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളിലായാണ് 35 വർഷത്തെ കഠിന തടവ്.
കോടതി വിധിച്ചിട്ടുള്ള പിഴത്തുക അടയ്ക്കാതിരുന്നാല്‍ മൂന്ന് വകുപ്പുകളിലായി 15 മാസം കഠിനതടവ് അനുഭവിക്കണം.
പിഴത്തുകയില്‍ 35,000 രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. 2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെങ്കിലും കേസ് റിപ്പോര്‍ട്ടായത് ജൂണിലാണ്.
കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ പ്രതി, ജോലി ചെയ്തുവന്ന വീടിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് പലതവണ ബലാത്സംഗത്തിനിരയാക്കിയത്.
കൃത്യത്തിന് ശേഷം മുങ്ങിയ പ്രതിയെ, അന്നത്തെ പുളിക്കീഴ് എസ്ഐ എ. വിപിന്‍, എസ്ഐ രാജേഷ്, സുദര്ശനന് എന്നിവരടങ്ങിയ സംഘം മള്‍ഡയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്വേഷണത്തിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും പോലീസ് ആസൂത്രിതവും, തന്ത്രപരവുമായ നീക്കങ്ങളാണ് നടത്തിയത്.
കുറ്റകൃത്യത്തിന് ശേഷം നാട്ടിലേക്ക് മുങ്ങിയ പ്രതിയുടെ ഫോണിന്റെ ടവര്‍ കേന്ദ്രീകരിച്ച് തുടക്കത്തില്‍ തന്നെ എസ്ഐ വിപിന്റെ നേതൃത്വത്തിലുള്ള സംഘം നീങ്ങിയതിനെ തുടര്‍ന്നാണ് ബംഗാളിലെ മാള്‍ഡയില്‍ നിന്നും ഇയാളെ കുടുക്കാനായത്.
കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ച ശേഷം റിമാന്‍ഡ് ചെയ്യുകയായിരുന്നു.
മികച്ച അന്വേഷണത്തിലൂടെ ശാസ്ത്രീയമായതുള്‍പ്പടെ തെളിവുകളെല്ലാം ശേഖരിക്കുകയും ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കുകയും ചെയ്ത ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
738 കേസുകൾ
2012 നവംബറില്‍ നിലവില്‍ വന്ന പോക്സോ നിയമം ഉള്‍പ്പെടുത്തി അന്നു മുതല്‍ 2021 ഫെബ്രുവരി വരെ ജില്ലയില്‍ എടുത്ത കേസുകളുടെ എണ്ണം 738 ആണ്.
ഇതില്‍ ബഹുഭൂരിപക്ഷം കേസുകളും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട് കോടതിയില്‍ വിചാരണ നടപടികള്‍ നടന്നുവരുന്നതുമാണ്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ ശിക്ഷ വിധിച്ച കേസാണ് പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിലേത്.