പത്തനംതിട്ട: ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും കൂടുതൽ ആളുകൾ എത്തിയതോടെ ജില്ലയിൽ നിരീക്ഷണത്തിലായവരുടെ എണ്ണം 2043 ആയി. രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ഇന്നലെ 10 പേരെ കൂടി ഐസൊലേഷനിലാക്കി. നിലവിൽ 14 പേർ വിവിധ ആശുപത്രികളിലുണ്ട്. ഇവരിൽ രണ്ടുപേർ രോഗബാധിതരാണ്.ജനറൽ ആശുപത്രി പത്തനംതിട്ടയിൽ മൂന്നു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ രണ്ടു പേരും, ജനറൽ ആശുപത്രി അടൂരിൽ നാലു പേരും ഐസൊലേഷനിലുണ്ട്.
സ്വകാര്യ ആശുപത്രികളിൽ കൂടി ഇന്നലെ മുതൽ ആളുകളെ ഐസൊലേഷനിലാക്കിത്തുടങ്ങി. അഞ്ചു പേരാണ് സ്വകാര്യ ആശുപത്രികളിലുള്ളത്. ജില്ലയിൽ 11 പ്രാഥമിക സന്പർക്കക്കാർ നിരീക്ഷണത്തിലുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1862 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 170 പേരും നിലവിൽ നിരീക്ഷണത്തിലാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ എത്തിയ 214 പേരും ഇതിൽ ഉൾപ്പെടുന്നു. ജില്ലയിൽ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതേവരെ 61 കൊറോണ കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ 422 പേരെ താമസിപ്പിച്ചിട്ടുണ്ട്.
ഇന്നലെ 143 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയിൽ നിന്നും 5352 സാന്പിളുകൾ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ഇന്നലെ 151 സാന്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു. 323 സാന്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ ലോക്ക്ഡൗണ്‍ ലംഘനങ്ങൾക്ക് വെള്ളി വൈകുന്നേരം മുതൽ ഇന്നലെ വൈകുന്നേരം നാലു വരെ 181 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. 193 പേരെ അറസ്റ്റ് ചെയ്തു. 124 വാഹനങ്ങൾ പിടിച്ചെടുത്തു. മുഖാവരണം ഇല്ലാതെ പുറത്തിറങ്ങിയ 32 പേർക്ക് നോട്ടീസ് നൽകിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു