പത്തനംതിട്ട: റിയാദിൽനിന്നെത്തി വീട്ടിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക.
റിയാദിൽനിന്നു കഴിഞ്ഞ എട്ടിന് കരിപ്പൂരിലെത്തിയ മലയാലപ്പുഴ വെട്ടൂർ സ്വദേശിനിയായ 28 കാരിയായ നഴ്സ് ഗർഭിണിയുമാണ്. കരിപ്പൂരിൽനിന്ന് ടാക്സിയിൽ കോട്ടയം, എരുമേലി വഴി വീട്ടിലെത്തി ക്വാറന്റൈനിലാകുകയായിരുന്നു.
ഇതിനിടെ ആദ്യ പരിശോധനാഫലം 15നു നെഗറ്റീവായി ലഭിച്ചു.14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി 22ന് വിടുതലിലായി.തുടർന്ന് യുവതി 24ന് കോന്നി ടൗണിലെത്തിയിരുന്നു.
കോന്നി പാരഡൈസ് ടെക്സ്റ്റൈൽസിൽ രാവിലെ 10.30 മുതൽ 11 വരെയുണ്ടായിരുന്നു. അന്നേദിവസം 11.30 മുതൽ 12 വരെ കോന്നി ഫിഷ് സ്റ്റാളിലും തൊട്ടടുത്ത പച്ചക്കറി കടയിലും എത്തി. രോഗലക്ഷണം പ്രകടിപ്പിച്ചതോടെ വീണ്ടും പരിശോധന നടത്തി.
തുടർന്ന് ഫലം പോസിറ്റീവാകുകയും വെള്ളിയാഴ്ച പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അഡ്മിറ്റാകുകയുമായിരുന്നു. യുവതിയുടെ യാത്രകളുമായി ബന്ധപ്പെട്ട് സന്പർക്കപ്പട്ടിക പുറത്തിറക്കാൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും തീരുമാനിച്ചു.
ഇതനുസരിച്ച് നിശ്ചിത സമയങ്ങളിൽ യുവതി എത്തിയ സ്ഥലങ്ങളിലുണ്ടായിരുന്നവർ 0468 2228220, 9188297118, 918824118 നന്പരുകളിൽ ബന്ധപ്പെടാൻ അധികൃതർ നിർദേശിച്ചു.