പത്തനംതിട്ട: കേരളത്തിൽ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിനു തുടക്കമിട്ട പത്തനംതിട്ട ജില്ലയും രോഗമുക്തിയിലേക്ക്. രണ്ടുമാസത്തിനിടെ 17 രോഗികളെ പത്തനംതിട്ട ചികിത്സിച്ചു ഭേദമാക്കി. അവസാന രോഗിയും ഇന്നലെ വൈകുന്നേരം ആശുപത്രി വിട്ടു.
കഴിഞ്ഞ മാർച്ച് ഏഴിനു രാത്രി റാന്നി ഐത്തല സ്വദേശികളായ അഞ്ചുപേരിൽ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ആരംഭിച്ചതാണ് ജില്ലയിൽ കോവിഡ് ചികിത്സ. 17 പേരിലാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 16 പേരും നേരത്തെതന്നെ രോഗം ഭേദമായി ആശുപത്രികൾ വിട്ടിരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായിരുന്നു ഇവരുടെ ചികിത്സ. ആറന്മുള വല്ലന എരുമക്കാട് തയ്യിൽ അനീഷ് പൗലോസാണ് (40) രോഗം മാറി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.
നിലവിൽ പോസിറ്റീവ് കേസ് ഒന്നും ഇല്ലാത്തതിനാൽ കോവിഡ് മുക്ത ജില്ലകളുടെ പട്ടികയിൽ പത്തനംതിട്ടയും ഇടംനേടുകയാണ്.
മികച്ച ചികിത്സയും സംരക്ഷണവും നൽകിയതിന് എല്ലാവരോടും നന്ദി പറഞ്ഞാണ് ജില്ലയിലെ അവസാന രോഗിയും ആശുപത്രി വിട്ടത്. രോഗമുക്തി നേടിയെങ്കിലും 14 ദിവസം വീട്ടിൽ തന്നെ തുടരണമെന്നും വീട്ടിലുള്ളവരുമായി ശാരീരിക അകലം പാലിക്കണമെന്നും അദ്ദേഹത്തെ യാത്രയാക്കി ജില്ലാ കളക്ടർ പി.ബി. നൂഹ് നിർദേശിച്ചു.
പരിശോധനാ ഫലം പോസിറ്റീവ് ആയതിനേത്തുടർന്ന് ജില്ലയിൽ ഏറ്റവും കൂടുതൽ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയ വ്യക്തികളിൽ രണ്ടാമതാണ് 40 കാരനായ ഇദ്ദേഹം.
41 ദിവസമാണ് ഇയാൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. യുകെയിൽ നിന്നു കഴിഞ്ഞ മാർച്ച് 14 നാണ് ഇയാൾ നാട്ടിലെത്തിയത്.
വീട്ടിൽ ക്വാറന്റൈനിൽ കഴിയവേ പനിയും ജലദോഷവുമുണ്ടായതിനേത്തുടർന്ന് മാർച്ച് 24 ന് സ്രവം പരിശോധനക്കയച്ചു. പരിശോധനാഫലം പോസിറ്റീവ് ആയതോടെ 25ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ഏപ്രിൽ എട്ടിന് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും പിന്നീട് പോസിറ്റീവാകുകയായിരുന്നു. പിന്നീട് തുടർച്ചയായ പരിശോധനകളിൽ ഫലം പോസിറ്റീവായി.
ഏപ്രിൽ 20 ന് വീണ്ടും നെഗറ്റീവ് ആയെങ്കിലും തുടർന്ന് പോസിറ്റീവ് ആയി. അടുത്തത് ഏപ്രിൽ 30ന് നെഗറ്റീവ് ആയെങ്കിലും പിന്നീട് പോസിറ്റീവ് ആയി മാറി. ഇതിനിടയ്ക്ക് 19 പരിശോധനകളാണ് നടത്തിയത്.
അവസാനത്തെ രണ്ടുഫലങ്ങൾ നെഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. മേയ് രണ്ടിനും നാലിനും അയച്ച സ്രവങ്ങളുടെ ഫലങ്ങളാണു നെഗറ്റീവായത്. 21 പരിശോധനകളാണ് നടത്തിയത്.
പത്തനംതിട്ടയിലെ രോഗവ്യാപന രീതി ഇങ്ങനെ…
മാർച്ച് ആറിന് ആശുപത്രി ഐസൊലേഷനിലാക്കിയ ഇറ്റലിയിൽ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളായ മൂന്നംഗ കുടുംബം, അവരുടെ സഹോദരൻ, ഭാര്യ എന്നിവരിൽ കോവിഡ് 19 സ്ഥിരീകരിച്ചു.
ഇതോടെ ആരംഭിച്ച ജാഗ്രതയും പരിശോധനകളും പത്തനംതിട്ട ജില്ലയിൽ മാത്രമായിരുന്നില്ല, സംസ്ഥാന വ്യാപകമായി. കേരളത്തിൽരണ്ടാംഘട്ട കോവിഡ് വ്യാപനം ആരംഭിച്ചുവെന്ന സൂചനയായിരുന്നു പത്തനംതിട്ട നൽകിയത്.
ഐത്തല കുടുംബത്തിന്റെ വയോധികരായ മാതാപിതാക്കളിലും അവരുടെ കുടുംബസുഹൃത്തുക്കളായ രണ്ടു സ്ത്രീകൾക്കും മാർച്ച് 10ന് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടയിലെ രോഗവ്യാപനമായി പറയാനുള്ളത് ഇതു മാത്രമാണ്.
പിന്നീട് രോഗം സ്ഥിരീകരിച്ചവരിൽ എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലിരിക്കവേയാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രികളിലേക്കു മാറ്റിയത്. മാർച്ച് 20ന് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട കൊടുന്തറ സ്വദേശി ഖത്തറിൽ നിന്നും വന്നയാളായിരുന്നു.
മാർച്ച് 25ന് രോഗം സ്ഥിരീകരിക്കപ്പെട്ട ആറന്മുള വല്ലന യുകെയിൽ നിന്നും അടൂർ സ്വദേശി ദുബായിൽ നിന്നുമാണ് വന്നിരുന്നത്. ഏപ്രിൽ ഒന്നിന് രോഗം കണ്ടെത്തിയ തുന്പമണ് സ്വദേശി ഷാർജയിൽ നിന്നുവന്നയാളാണ്. ഏപ്രിൽ അഞ്ചിന് ഡൽഹിയിൽ നിന്ന് നിസാമുദ്ദീൻ ട്രെയിനിൽ വന്ന പന്തളം സ്വദേശിയായ വിദ്യാർഥിനിക്കു രോഗം സ്ഥിരീകരിച്ചു.
ആറിന് ഇലന്തൂർ നെല്ലിക്കാല സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം ദുബായിൽ നിന്നുവന്നയാളാണ്. ഏപ്രിൽ എട്ടിന് കോവിഡ് പോസിറ്റീവ് കണ്ടെത്തിയ ഇടപ്പാവൂർ സ്വദേശിയും 12ന് രോഗം സ്ഥിരീകരിച്ച ചിറ്റാർ സ്വദേശിയും ദുബായിൽ നിന്നു വന്നവരായിരുന്നു.