അഞ്ചല്‍: ആകെ 1400 വോട്ടര്‍മാര്‍, 33 സ്ഥാനാര്‍ഥികള്‍, ഇടതു വലതു മുന്നണികള്‍ക്കൊപ്പം ബിജെപി പാനലും മത്സര രംഗത്ത്, സോഷ്യല്‍ മീഡിയ വഴിയടക്കം വാശിയേറിയ പ്രചാരണം.
തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചു മൂന്നുമുന്നണികളുടെയും പ്രമുഖ നേതാക്കാള്‍. കനത്ത പോലീസ് കാവല്‍.
ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ കരുതും പഞ്ചായത്ത് തെരഞ്ഞെടുപ്പോ, ഏതെങ്കിലും സഹകരണ സംഘം തെരഞ്ഞെടുപ്പോ ആകുമെന്ന്.
എന്നാല്‍ തെറ്റി. ഒരു സ്കൂള്‍ പിടിഎ തെരഞ്ഞെടുപ്പു കാര്യങ്ങളാണ് മുകളില്‍ പറയുന്നത്. ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്കുള്ള പിടിഎ തെരഞ്ഞെടുപ്പിലാണ് വാര്‍ഡ് തെരഞ്ഞെടുപ്പിനേക്കാളും വീറും വാശിയും ഉണ്ടായത്.
ഉച്ചകഴിഞ്ഞ് രണ്ടോടെ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. ചര്‍ച്ചക്ക് ശേഷം സ്ഥാനാര്‍ഥികള്‍ പരിചയപ്പെടുത്തി വോട്ടു ചോദിച്ചു.
നാലരയോടെ വോട്ടിംഗ് നടപടി ആരംഭിച്ചു. രാത്രി ഏഴോടെ വോട്ടിംഗ് പൂര്‍ത്തിയാക്കി വോട്ടെണ്ണല്‍ ആരംഭിച്ചു.
രജിസ്റ്റര്‍ ചെയ്ത 550 രക്ഷിതാക്കളാണ് വോട്ടു രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ നടപടികള്‍ പോലും വലിയ തെരഞ്ഞെടുപ്പുകളെ അനുസ്മരിപ്പിക്കും വിധം നടന്നു.
ഇടയ്ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്ഥാനാര്‍ഥിയായ ജി അജിത്ത് കറങ്ങി നടക്കുന്നുവെന്ന് ആരോപിച്ചു ബിജെപി നേതാവ് സുമന് രംഗത്തെത്തി.
ഇതോടെ വലിയ വാക്കേറ്റവും തെറിവിളിയും ഭീഷണിയും. ഇതോടെ പോലീസ് ഇടപ്പെട്ടു. സ്ഥാനാര്‍ഥികള്‍ അല്ലാതെയുള്ള മുഴുവന്‍ ആളുകളെയും പോലീസ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും പുറത്താക്കി.
പത്തോടെ വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ചു. പതിനൊന്ന് അംഗം പിടിഎ സമിതിയില്‍ ആകെ ലഭിച്ച വോട്ടുകളുടെ 80 ശതമാനത്തോളം നേടിയ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഉജ്വല വിജയം.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും സ്ഥാനാര്‍ഥികള്‍ പുറത്തേക്ക്. പുറത്തു കാത്തുനിന്നവരുടെ ആഹ്ലാദപ്രകടനവും വമ്പന്‍ സ്വീകരണവും.
എന്തായാലും സംഘര്‍ഷ ഭരിതവും വലിയ ആകാംക്ഷകള്‍ക്കും ഒടുവില്‍ സമാധാനപരമായി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി പോലീസും മടങ്ങി.
എം അജയന്, ജി അജിത്ത്, എസ് സുദേവന്, ഡി വിനോദ്, അനില്‍കുമാര്‍, ചിന്നു വിനോദ്, ഫൗസിയ ഷംനാദ്, ഷീബ സന്തോഷ്, ഷംനി ഷാനവാസ്, എസ് ശോഭ എന്നിവരാണ് വോട്ടെടുപ്പിലൂടെ പിടിഎ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡന്റ് അടക്കമുള്ള തെരഞ്ഞെടുപ്പ് അടുത്ത ദിവസം നടക്കും. കേരള ചരിത്രത്തില്‍ ഇങ്ങനെ ഒരു പിടിഎ തെരഞ്ഞെടുപ്പു നടന്നിട്ടില്ലന്നു പോലീസ് അടക്കമുള്ള ഒരു വിഭാഗം പറയുന്നു