പത്തനംതിട്ട: ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാരില്‍ ആറന്മുളയില് വീണാ ജോര്‍ജും കോന്നിയില്‍ കെ.യു. ജനീഷ് കുമാറും തിരുവല്ലയില്‍ മാത്യു ടി. തോമസും വീണ്ടും മത്സരരംഗത്തിറങ്ങും.
റാന്നിയില്‍ രാജു ഏബ്രഹാം, അടൂരില്‍ ചിറ്റയം ഗോപകുമാര്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സിപിഎം, സിപിഐ സംസ്ഥാന ഘടകങ്ങളുടെ തീരുമാനം നിര്‍ണായകമാകും.
96 മുതൽ പരാജയമറിയാതെ
ഇതിനോടകം അഞ്ചു തവണ റാന്നിയില്‍ ജനവിധി തേടിയ രാജു ഏബ്രഹാമിന് ആറാമതൊരു അവസരം കൂടി നല്‍കുമോയെന്ന സിപിഎം തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ് നിയോജകമണ്ഡലം.
1996 മുതല്‍ റാന്നിയില്‍ പരാജയം അറിയാതെ ജനവിധി തേടുന്ന രാജുവിനെ തന്നെ മത്സരിപ്പിക്കുകയായിരിക്കും ജയസാധ്യത ഉറപ്പിക്കാന്‍ നല്ലതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടിരുന്നു.
തുടര്‍ച്ചയായി രണ്ട് ടേമില്‍ കൂടുതല്‍ ഒരാള്‍ക്കു തന്നെ സീറ്റ് നല്‍കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം ഓരോ ഘട്ടത്തിലും രാജുവിന് ഇളവ് നല്‍കിവരികയായിരുന്നു.
ഇത്തവണ കൂടി അതു വേണമെന്ന അഭിപ്രായത്തിനാണ് സിപിഎമ്മില്‍ മുന്‍തൂക്കം. എന്നാല്‍ എല്‍ഡിഎഫിലെ പുതിയ ഘടകകക്ഷി കേരള കോണ്‍ഗ്രസ് എമ്മിനു ജില്ലയില്‍ ഒരു സീറ്റ് നല്‍കേണ്ട സാഹചര്യത്തില്‍ റാന്നി വിട്ടുനല്‍കാനുള്ള സാധ്യതയും ഉണ്ട്.
ഇക്കാര്യങ്ങളില്‍ എല്‍ഡിഎഫ് സംസ്ഥാന സമിതിയിലും തീരുമാനമുണ്ടാകണം. കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടുന്ന തിരുവല്ല സീറ്റ് ജനതാദള്‍ എസിന്റെ സിറ്റിംഗ് സീറ്റാണ്. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് തുടര്‍ച്ചയായ നാലാം അങ്കത്തിനുള്ള തയാറെടുപ്പിലാണ്.
ചിറ്റയം വരുമോ?
അടൂരില്‍ സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ രണ്ട് ടേം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ജയസാധ്യത പരിഗണിച്ച് ചിറ്റയം ഗോപകുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായം സിപിഐയിലുണ്ട്.
എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ മത്സരിച്ച ചിറ്റയം ഗോപകുമാറിന് ഇത്തവണ സീറ്റ് നല്കാന് സാധ്യത കുറവാണ്.
വീണയും ജനീഷും
നിയമസഭയിലേക്ക് രണ്ടാം ഊഴം ആണെങ്കിലും ആറന്മുളയിലെ വീണാ ജോര്‍ജ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായിരുന്നു.
വീണ്ടും വീണാ ജോര്‍ജ് തന്നെ ആറന്മുളയില് മത്സരിക്കട്ടെയെന്ന അഭിപ്രായമാണ് സിപിഎമ്മിനുള്ളത്. കോന്നിയില്‍ 2019ലെ ഉപതെരഞ്ഞെടുപ്പിലൂടെ എംഎല്‍എ ആയ കെ.യു. ജനീഷ് കുമാറിന് വീണ്ടും ഒരു അവസരം കൂടി സിപിഎം നല്‍കും. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി ജനീഷ് കുമാര്‍ മണ്ഡലത്തില്‍ സജീവവുമാണ്.