കൊച്ചി: സ്കൂൾ പിടിഎക്കെതിരേ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാനെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ ഫണ്ട് എന്ന പേരിൽ ഭീമമായ തുക പിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഇത് അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
വിദ്യാർഥികളിൽ നിന്ന് പിടിഎ ഫണ്ട് എന്ന പേരിൽ സ്കൂളുകളിൽ വൻ തുക ഈടാക്കുന്നത് അനുവദിക്കില്ല. സർക്കാർ നിശ്ചയിച്ച ചെറിയ തുകയെ വാങ്ങാവൂ, നിർബന്ധപൂർവം വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് പാടില്ല.
കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.