പത്തനംതിട്ട: മയക്കുമരുന്നിന്റെ ലോകം തേടിയിറങ്ങിയ പോലീസിനെയും ഞെട്ടിച്ചുകൊണ്ടുള്ള കണ്ടെത്തലുകളാണ് കുറഞ്ഞ ഒരുകാലയളവുകൊണ്ട് കാണാനായതെന്നു പോലീസിലെ നാർക്കോട്ടിക് സെല്ലും ഡാൻസാഫ് ടീമും.
പുതുതലമുറ മയക്കുമരുന്ന് ലോകം പോലീസിനുപോലും തുടക്കത്തിൽ അജ്ഞാതമായിരുന്നു. ഇതേക്കുറിച്ച് ആഴത്തിൽ പഠിച്ച സംഘത്തിനു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങൾ.
നിരോധിത ലഹരി വസ്തുക്കൾ തേടിയിറങ്ങുന്പോൾ കഞ്ചാവ് മാത്രമായിരിക്കും വില്ലനെന്നു കരുതിയവർക്കു മുന്പിലേക്കു കഞ്ചാവിന്റെ വകഭേദങ്ങളിലൂടെ ഒഴുകിയെത്തിയ രാസവസ്തുക്കളടങ്ങിയ മയക്കുമരുന്നിന്റെ പുതിയ ലോകമാണ്.
ലക്ഷ്യം കുട്ടികൾ
അറിഞ്ഞോ അറിയാതെയോ ഇതിലേക്ക് എത്തപ്പെടുന്നവരുടെ എണ്ണവും വർധിച്ചു. പോലീസിനോ എക്സൈസിനോ തേടിപ്പിടിക്കാൻ പോലും കഴിയാത്ത തരത്തിൽ ആസൂത്രണം ചെയ്തിട്ടുള്ള മയക്കുമരുന്ന് ലോകത്തെ പുതിയ അറിവുകൾ രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സമൂഹത്തിനു മുന്പിലേക്ക് അവതരിപ്പിക്കുകയാണ് ഡാൻസാഫ് ടീം.
വിദ്യാർഥികളും യുവാക്കളുമാണ് ഇരകളെന്നതിനാൽ പുതുലോകത്തെ പുതിയ പ്രതിഭാസങ്ങളിലേക്കു ജാഗ്രത കാട്ടേണ്ടത് അധ്യാപകരും രക്ഷിതാക്കളുമാണെന്നു നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ. വിദ്യാധരൻ പറഞ്ഞു.
ഇന്നലെ പത്തനംതിട്ട പ്രസ്ക്ലബിൽ ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവത്കരണ പരിപാടിയിലാണ് ഡാൻസാഫ് സംഘവും എക്സൈസും പുതുയുഗ മയക്കുമരുന്നു ലോകത്തിന്റെ കാണാപ്പുറങ്ങളിലേക്കു ശ്രദ്ധക്ഷണിച്ചത്.
എക്സൈസ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ വി.എ. പ്രദീപ്, നാർക്കോട്ടിക് സെൽ എസ്ഐ മുജീബ്, സിപിഒ വിഷ്ണു എന്നിവരും നേതൃത്വം നൽകി.
ശൃംഖല വിപുലം
ജില്ലയിലേക്ക് എത്തുന്ന കഞ്ചാവിന്റെയും ഇതര ലഹരി വസ്തുക്കളുടെയും അളവ് കൂടി. പുതു രൂപത്തിലും നിയമത്തിന്റെ നൂൽപ്പാലങ്ങൾ കടക്കാനുതകുന്നതുമായ നടപടികളിലൂടെയാണ് ഇവയുടെ ഒഴുക്ക്.
കഞ്ചാവുതന്നെ വിവിധ രൂപങ്ങളിൽ എത്തുന്നുണ്ട്. ഒരു കിലോയിൽ താഴെ കഞ്ചാവ് സൂക്ഷിച്ചാൽ ജാമ്യം കിട്ടുന്ന വകുപ്പാണെന്നറിയാമെന്നിരിക്കേ ഇവയെ ഈ രീതിയിൽ വേർതിരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കാൻ വിപുലമായ ശൃംഖല ഉണ്ട്.
വ്യത്യസ്തങ്ങളായ രൂപത്തിൽ കഞ്ചാവിന്റെ ലഹരി ഉള്ളിലേക്ക് ആവാഹിക്കാൻ കഴിയുന്ന സംവിധാനങ്ങളും ഈ ലോബി വികസിപ്പിച്ചെടുത്തിരിക്കുന്നു.
ഉറവിടം അജ്ഞാതം
ജില്ലയിലേക്കെത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തുകയെന്ന് ബുദ്ധിമുട്ടാണ്. പല കേസുകളിലും ഇടനിലക്കാരാണ് പിടിയിലാകുന്നത്.
വ്യക്തമായ ധാരണ ഇവർക്കുണ്ടാകില്ല. ഗൂഗിൾ മാപ്പിലൂടെ ലഭിക്കുന്ന സ്ഥലത്തെത്തി സാധനങ്ങൾ എടുത്തുകൊണ്ടുപോരിക മാത്രമാണ് ഇവരുടെ ജോലി.
കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിജനകേന്ദ്രങ്ങളിൽനിന്നായിരിക്കും ഇവർ സാധനങ്ങൾ എടുക്കുക. എവിടെയെങ്കിലും വച്ചിട്ടുള്ളവ എടുത്തുകൊണ്ടുപോരുകയാണ് ചെയ്യുന്നത്.
ഇരട്ടി ലാഭത്തിനാണ് പലതിന്റെയും വില്പന. എക്സൈസ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള വിലയാണ് ഓരോ ലഹരി വസ്തുക്കൾക്കും നിശ്ചയിച്ചിട്ടുള്ള വില.
ചുരുക്കപ്പേരുകളിൽ
ആവശ്യക്കാരിലേക്കു ചുരുക്കപ്പേരുകളിൽ വിളികളും സന്ദേശങ്ങളുമായാണ് സംഘം വിഹരിക്കുന്നത്.
ലൈനിടുക, ബ്രേക്കിംഗ്, പോസ്റ്റാക്കൽ തുടങ്ങി ആധുനികതയുടെ പരിവേഷങ്ങളുള്ള സന്ദേശങ്ങൾ പലതും ലഹരി വില്പനയുടെ ഭാഗമാണ്.
മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ടു പിടിയിലായവരുടെ സന്ദേശങ്ങളിൽനിന്നും മറ്റുമാണ് ഇത്തരം വിവരങ്ങൾ ശേഖരിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്കായത്.
എടിഎം കാർഡ് രൂപത്തിലുള്ള സംവിധാനങ്ങളിലൂടെയും നോട്ട് ചുരുട്ടിയുമൊക്കെ ലഹരി അകത്താക്കുന്ന യുവസമൂഹത്തെ ചുറ്റുപാടിലുമുണ്ടെന്നു പോലീസ് ചൂണ്ടിക്കാട്ടി.
ചേർത്തു നിർത്തുക
യുവസമൂഹത്തെ ചേർത്തു നിർത്തുകയെന്നതാണ് ലഹരിക്കെതിരേയുള്ള പ്രധാന പ്രതിവിധി. ഇവരെ കർശനമായ നിരീക്ഷണത്തിനു വീടുകളിൽ തയാറാകണം.
തന്റെ കുട്ടി തെറ്റിപോകില്ലെന്ന ചിന്ത വെടിഞ്ഞു മക്കളെ നിരീക്ഷിക്കാൻ മാതാപിതാക്കൾക്കു കഴിയണം. കുട്ടികളുടെ കണ്ണുകളിലുണ്ടാകുന്ന മാറ്റങ്ങളിലൂടെ ലഹരി ഉപയോഗം ആദ്യമേ മനസിലാക്കാം.
നിരന്തര നിരീക്ഷണങ്ങളിലൂടെ സ്വഭാവമാറ്റങ്ങൾ ഉൾപ്പെടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചുറ്റിനും കഴുകൻമാരുണ്ടെന്ന യാഥാർഥ്യബോധം ഉൾക്കൊള്ളുകയാണ് വേണ്ടത്.
മെഡിക്കൽ സ്റ്റോറുകളും
മെഡിക്കൽ സ്റ്റോറുകളിലൂടെ ലഭിക്കുന്ന വേദന സംഹാരി ഗുളികകൾ, കഫ് സിറപ്പുകൾ ഇവ ലഹരിക്കായി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രം നൽകേണ്ട മരുന്നുകൾ ചില മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ആർക്കു വേണമെങ്കിലും നൽകിത്തുടങ്ങിയിട്ടുണ്ട്.
ഇത്തരം മെഡിക്കൽസ്റ്റോറുകളെ നിയന്ത്രിക്കേണ്ട ഡ്രഗ്സ് കൺട്രോളർ ഓഫീസാണ്. മരുന്ന് വില്പനയുമായി ബന്ധപ്പെട്ടു നിലവിലുള്ള കർശനമായ മാർഗനിർദേശം പാലിക്കപ്പെടുന്നുവെന്നുറപ്പാക്കേണ്ടതുണ്ട്. ജില്ലയിലടക്കം ജങ്ക് ഫുഡ് വില്പനകേന്ദ്രങ്ങളും പോലീസ് നിരീക്ഷണത്തിലുണ്ട്.
ലഹരിയടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ രീതികൾ അവലംബിക്കുന്നതായാണ് കാണുന്നത്. സ്റ്റാന്പുകൾ, മൊബൈൽ ഫോണുകൾ, എടിഎം കാർഡുകൾ എന്നിവയെല്ലാം ഇതിനു മാർഗങ്ങളായി മാറിയിട്ടുണ്ട്.
ഇതര സംസ്ഥാനക്കാരിലും മറ്റും ഉപയോഗത്തിലുള്ള പലതരം ലഹരി വസ്തുക്കൾ മദ്യവുമായി കലർത്തി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു.