പത്തനംതിട്ട: കൊറോണ ബാധ സ്ഥിരീകരിച്ച അഞ്ചുപേർ പത്തനംതിട്ട ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ചികിത്സയിലുണ്ടെന്നറിഞ്ഞതോടെ പത്തനംതിട്ട നഗരവും മൂകമായി.
ഞായറാഴ്ചയായിരുന്നതിനാൽ ഇന്നലെ പൊതുവെ നഗരത്തിൽ തിരക്കൊഴിവായിരുന്നു. എന്നാൽ ജനറൽ ആശുപത്രിയിൽ ഞായറാഴ്ചകളിലുണ്ടാകാവുന്ന തിരക്ക് ഉണ്ടായില്ല.
ജനറൽ വാർഡുകളിലും മറ്റും ചികിത്സയിൽ കഴിഞ്ഞിരുന്ന പലരും ആശുപത്രി വിട്ടതായി പറയുന്നു. ചികിത്സയിലുള്ള ഏറെപ്പേരും ഡിസ്ചാർജിനായി ശ്രമം തുടങ്ങി.
ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും മാസ്ക്ക് ധരിച്ചാണ് എത്തിയത്. ആശുപത്രിയിൽ മറ്റാവശ്യങ്ങൾക്കെത്തിയവരും മാസ്ക്ക് ധരിച്ചിരുന്നു.ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുള്ള ടീമിന് പ്രത്യേക വേഷമാണ് നൽകിയിരിക്കുന്നത്. ഇവർ മറ്റുള്ളവരുമായി ഇടപഴകുന്നില്ല.
ഇതിനിടെ ജനറൽ ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ ആവശ്യപ്പെട്ട് ആർഎംഒ കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ജനറൽ ആശുപത്രിയിലേക്ക് വരാൻ പലരും തയാറാകുന്നില്ല.
എണ്ണയിട്ട യന്ത്രംപോലെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും
പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ ജാഗ്രതാ നടപടികളുമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും.
മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ തന്നെ ആരോഗ്യവകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ശനിയാഴ്ച രാത്രി മുതൽ മന്ത്രി വീഡിയോ കോണ്ഫറൻസിലൂടെ ജില്ലാ കളക്ടർ, ഡിഎംഒ എന്നിവരുമായി ബന്ധപ്പെട്ടു.
രാജു ഏബ്രഹാം എംഎൽഎയെയും രാത്രിയിൽ തന്നെ മന്ത്രി വിളിച്ച് സ്ഥിതിഗതികൾ ധരിപ്പിച്ചു. രാവിലെ തന്നെ പ്രതിരോധ പ്രവർത്തനങ്ങളും നടപടികളുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും രംഗത്തിറങ്ങി.
മന്ത്രി തന്നെ വിവരം പുറംലോകത്തെ അറിയിക്കാനായിരുന്നു തീരുമാനം. ഇതോടൊപ്പം റാന്നി ഐത്തല ഭാഗത്ത് ജാഗ്രതാ നിർദേശം നൽകി.
രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപഴകിയവരെ കണ്ടെത്തി നിരീക്ഷണവിധേയമാക്കുകയായിരുന്നു പ്രാഥമിക ദൗത്യം.
ഇതിനായുള്ള ശ്രമങ്ങൾ ജനപ്രതിനിധികളും ആരോഗ്യവകുപ്പും ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് ഡോക്ടർമാർ വീതം അടങ്ങുന്ന എട്ട് ടീമുകളെയാണ്ജില്ലയിൽ നിയോഗിച്ചിരിക്കുന്നത്.
മൂവായിരത്തോളം ആളുകളെ നിരീക്ഷിക്കേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിട്ടുണ്ട്.
രോഗബാധ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടി
പത്തനംതിട്ട: ജില്ലയിൽ കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗലക്ഷണം ഉളളവർ അധികൃതരെ വിവരം അറിയിക്കണമെന്ന് പോലീസ് നിർദേശിച്ചു.
രോഗബാധ ഉണ്ടാകാൻ ഇടയുളള സാഹചര്യത്തിൽ കഴിയുകയും രോഗമുളള രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുകയും ചെയ്തവർ വിവരങ്ങൾ ഒളിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്.
ഇത്തരക്കാർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുളള കർശന നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഏജൻസികളുടെ നിർദേശം ജനങ്ങൾ കൃത്യമായി പാലിക്കണം.