പത്തനംതിട്ട: രാജ്യത്തിനകത്തും പുറത്തുമായി കോവിഡ് ബാധിത മേഖലകളിൽ കഴിയുന്ന മലയാളികളുടെ നിലയ്ക്കാത്ത ഫോണ് വിളികളാണ് നാട്ടിലേക്ക്.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരുടെ വിളികൾക്ക് ആശ്വാസവാക്കുകൾ കണ്ടെത്തുകയാണ് ജില്ലയിലെ ജനപ്രതിനിധികൾ.
ഗൾഫ് രാജ്യങ്ങൾ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും രാജ്യത്തെ ഡൽഹി, മുംബൈ, പൂനെ, ചെന്നൈ നഗരങ്ങളിൽ നിന്നുമാണ് വിളികളേറെയും എത്തുന്നത്.
കോവിഡ് ഹോട്ട്സ്പോട്ട് മേഖലകളായി കണ്ടെത്തിയിട്ടുള്ള ഈ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് നാട്ടിലേക്കെത്തണമെന്നതു തന്നെയാണ് പ്രധാന ആവശ്യം.
എന്നാൽ ഇതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകൾ വേണമെന്നതിനാൽ ആശ്വാസവാക്കുകൾ പറയാൻ മാത്രമേ ജില്ലയിലെ ജനപ്രതിനിധികൾക്ക് കഴിയുന്നുള്ളൂ.മുംബൈയിലെ ഒരു സ്വകാര്യ നഴ്സിംഗ് കോളജിൽ പഠിക്കുന്ന 56 മലയാളി വിദ്യാർഥികളുടെ ദുരിതമാണ് ഇന്നലെ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് ലിജു ജോർജിന് അറിയാൻ കഴിഞ്ഞത്.
നഴ്സിംഗ് കോളജ് ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ക്ലാസുകൾ നിലച്ചു. ഇതോടെ വിദ്യാർഥിനികളെ ഹോസ്റ്റലിലാക്കി. ഇതേ ഹോസ്റ്റലിൽ ആശുപത്രി നഴ്സുമാർ അടക്കമുണ്ട്.
ഇവരിൽ പലർക്കും കോവിഡ് ബാധിച്ചു കഴിഞ്ഞു. ഇവരോടൊപ്പമാണ് കുട്ടികളെയും പാർപ്പിച്ചിരിക്കുന്നത്. നാട്ടിലെത്തി എത്രദിവസം വേണമെങ്കിലും ക്വാറന്റൈനിൽ കഴിഞ്ഞുകൊള്ളാമെന്നാണ് കുട്ടികൾ പറയുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കുട്ടികൾ നേരിട്ടു സംസാരിച്ചു. മഹാരാഷ്ട്ര സർക്കാരുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതും ലോക്ക് ഡൗണ് കാലയളവിൽ ഇവരെ നാട്ടിലെത്തിക്കാൻ സാധിക്കുമോയെന്നതും പരിശോധിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
മുംബൈയിലും ഡൽഹിയിലും വിവിധ ആശുപത്രികളിൽ ജോലി നോക്കുന്ന മലയാളി നഴ്സുമാർക്ക് കോവിഡ് 19 ബാധിച്ചതിനേതുടർന്ന് നേരിടുന്ന ചികിത്സാ ബുദ്ധിമുട്ടുകൾ സംബന്ധിച്ച പരാതികളിൽ ആന്റോ ആന്റണി എംപിയുടെയും വീണാ ജോർജ് എംഎൽഎയുടെയും ഇടപെടൽ.
ഇവർക്കു ലഭിച്ച പരാതികളേ തുടർന്നാണ് നടപടി.ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളെ ബന്ധപ്പെട്ട് ചികിത്സാ സൗകര്യങ്ങൾ ആവശ്യപ്പെട്ടതായി ആന്റോ ആന്റണി എംപി പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയിലും വിഷയം കൊണ്ടുവന്നിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ഒറ്റപ്പെട്ടുപോയ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി വേണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന നിരവധി മലയാളികൾ നാട്ടിലെത്തണമെന്ന ആഗ്രഹമാണ് പറയുന്നത്.
ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ച മുംബൈ ഭാട്യ ആശുപത്രിയിലെ സാഹചര്യം വളരെ മോശമെന്ന് നഴ്സുമാർ അറിയിച്ചതായി വീണാ ജോർജ് എംഎൽഎ പറഞ്ഞു.
നഗരത്തിലെ മറ്റൊരു പ്രധാന ആശുപത്രി രോഗബാധയേ തുടർന്ന് അടച്ചപ്പോൾ ഭാട്യ ആശുപത്രിയിലേക്ക് കൂടുതൽ രോഗികൾ എത്തുന്നുണ്ട്. ഇവരിൽ കോവിഡ് ബാധിതരടക്കമുണ്ട്. യാതൊരു സുരക്ഷാ സംവിധാനവും നൽകാതെ ആരോഗ്യപ്രവർത്തകർ ജോലിയെടുക്കുകയാണ്.
രോഗം ബാധിച്ചവരും ജോലിയെടുക്കാൻ നിർബന്ധിതരാകുകയാണ്. രോഗം സ്ഥിരീകരിച്ചവർക്ക് ഇതേവരെ ചികിത്സ ആരംഭിച്ചതുമില്ല. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്തിയതായും അദ്ദേഹം മഹാരാഷ്ട്രമുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു.
നഴ്സുമാർക്കു സുരക്ഷയും ചികിത്സാ സൗകര്യവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.റാന്നി നിയോജകമണ്ഡലം പരിധിയിൽ നിന്നുള്ള നിരവധിയാളുകളാണ് രാജു ഏബ്രഹാം എംഎൽഎയെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്.
ഇവരെ നാട്ടിലേക്കെത്തിക്കാൻ എന്തെങ്കിലും തീരുമാനമുണ്ടാക്കണമെന്നാണ് ആവശ്യം. വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്ന് എംഎൽഎയും പറഞ്ഞു.