പത്തനംതിട്ട: ജില്ലയുടെ ഭരണരംഗത്തെ മൂന്ന് വനിതാ സാരഥികൾ സ്ത്രീധനത്തിനെതിരെ ഒന്നിച്ചു.
സ്ത്രീധന, ഗാർഹിക പീഡനങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച അപരാജിത പദ്ധതിയുടെ ഭാഗമായ സേ നോ ടു ഡൗറി ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനമായിരുന്നു വേദി.
ആരോഗ്യമന്ത്രി വീണാ ജോർജ്, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ, ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി എന്നിവരാണ് സ്ത്രീധന ബോധവത്കരണ പരിപാടിയിൽ നേതൃരംഗത്തുണ്ടായിരുന്നത്.
സ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഓരോരുത്തരും ഉറച്ച തീരുമാനം എടുക്കേണ്ട സമയമാണിതെന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
വിദ്യാസന്പന്നരുടെ നാടായ കേരളത്തിൽ, ഈ കാലഘട്ടത്തിൽ സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടിവരുന്നു എന്നുള്ളത് വളരെ ഗൗരവത്തോടെ നാം ചിന്തിക്കേണ്ട കാര്യമാണെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും നിയമത്തിന്റെ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ആരും ശ്രമിക്കുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകണം.
സ്ത്രീധനത്തിനെതിരെ മാതൃകാ പ്രവർത്തനങ്ങൾ നടത്താൻ പത്തനംതിട്ട ജില്ലയ്ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ തയാറാക്കിയ സേ നോ ടു ഡൗറി പോസ്റ്ററിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
സ്ത്രീധനത്തിനെതിരായ പ്രതിജ്ഞ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പങ്കെടുത്തവരും ജില്ലാ പോലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരും, മിനിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരും സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.
അപരാജിതയുടെ നോഡൽ ഓഫീസറും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുമായ ആർ. നിശാന്തിനി അധ്യക്ഷത വഹിച്ചു.
ബോധവത്കരണ വീഡിയോയുടെ പ്രകാശനം ജില്ലാ അഡിഷണൽ പോലീസ് സുപ്രണ്ട് എൻ. രാജൻ നിർവഹിച്ചു. ജില്ലാ പോലീസ് ഫോട്ടോഗ്രാഫർ ജി. ജയദേവ കുമാറാണ് ബോധവത്കരണ വീഡിയോ തയാറാക്കിയത്.
ബോധവത്കരണ ആൽബത്തിന്റെ പ്രദർശവും നടന്നു. കന്റോണ്മെന്റ് എസ്ഐ സി. മധുവിന്റെ നേതൃത്വത്തിലാണ് ആൽബം തയാറാക്കിയത്.
തുടർന്ന് സേ നോ ടു ഡൗറി എന്നെഴുതിയ വർണ ബലൂണുകൾ മന്ത്രി വീണാ ജോർജ്, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി എന്നിവർ ചേർന്ന് ആകാശത്തേയ്ക്ക് പറത്തി.
ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. സുധാകരൻ പിള്ള, ഡിസിആർബി ഡിവൈഎസ്പി എ. സന്തോഷ് കുമാർ, പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവ്, അടൂർ ഡിവൈഎസ്പി ആർ. ബിനു, ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി വി.ജെ. ജോഫി, വനിതാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.ആർ. ലീലാമ്മ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ പങ്കെടുത്തു.