പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ച നടപടിയില്‍ വ്യാപാരികളുടെ പ്രതിഷേധം. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ തുടങ്ങിയവ പ്രവര്‍ത്തിച്ചു.
പൊതുഗതാഗതവും അനുവദനീയമായിരുന്നു. നഗരസഭയില്‍ ടൗണ്‍ വാര്‍ഡ് മൈക്രോ കണ്ടെയ്ന്മെന്റ് സോണും മറ്റു ചില വാര്‍ഡുകളില്‍ ഡബ്ല്യുപിആര് കൂടിയതിനാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തതോടെയാണ് വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചത്.
ഇന്നലെ രാവിലെ നഗരത്തില്‍ സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ ജനറല്‍ ആശുപത്രിപ്പടിവരെയും സ്റ്റേഡിയം ജംഗ്ഷന് വരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയായിരുന്നു.
ഇതേ സമയം ഈ പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുകയും ടാക്സി, ഓട്ടോറിക്ഷ തുടങ്ങിയവ അനുവദിക്കുകയും ചെയ്തു. നഗരം നിറഞ്ഞ് ആളുകള്‍ എത്തുകയും ചെയ്തു.
സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കോടതികളുടെ പ്രവര്‍ത്തനം ഭാഗികമായിരുന്നു.
വ്യാപാരികളെ ബലിയാടാക്കരുത്: പ്രസാദ് ജോണ്‍
പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളില്‍ വ്യാപാരികളെ നിരന്തരമായി ബലിയാടാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസന്‍കോയ വിഭാഗം) ജില്ലാ പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര.
ലോക്ഡൗണ്‍, കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങളില്പെടുത്തി വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം.
ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനാണ് ലക്ഷ്യമെങ്കില്‍ അതിനു വ്യാപാര സ്ഥാപനങ്ങള്‍ ഉത്തരവാദികളല്ല. പൊതുഗാതഗതം അടക്കം അനുവദിക്കുകയും സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിട്ട് കോവിഡിനെ പ്രതിരോധിക്കാമെന്ന ചിന്താഗതി വ്യാപാര സമൂഹത്തോടുള്ള വെല്ലുവിളി മാത്രമാണെന്നും വേണ്ടിവന്നാല്‍ ഇത്തരം നിയന്ത്രണങ്ങളോടു സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കു വ്യാപാരികള്‍ എത്തിച്ചേരുമെന്നും പ്രസാദ് ജോണ്‍ മാമ്പ്ര പറഞ്ഞു.