പത്തനംതിട്ട: ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്കു കടന്നപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ഇളവുകള്‍ പ്രയോജനപ്പെടുത്തി ആളുകള്‍ കൂട്ടമായെത്തുന്നതും കൂടുതല്‍ വാഹനങ്ങള്‍ നിയന്ത്രണം പാലിക്കാതെ നിരത്തിലിറങ്ങുന്നതും പോലീസിനെ കുഴയ്ക്കുന്നു.
ലോക്ക്ഡൗണില്‍ നിരത്തുകളില്‍ തുടര്‍ച്ചയായുണ്ടായിരുന്ന പരിശോധനകള്‍ പോലീസ് ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ ഇളവുകളുടെ ദുരുപയോഗം കര്‍ശനമായി തടയുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പോലീസ് നടപടികള്‍ തുടരും.
മാസ്കിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നും പട്ടണങ്ങളില്‍ മാസ്ക് ധരിക്കാതെ സഞ്ചരിക്കുന്നവരെ നിരീക്ഷിച്ചു നിയമനടപടി സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഗ്രാമങ്ങളില്‍ മുഖാവരണം ധരിക്കാത്തവരെയും നടപടിക്ക് വിധേയരാക്കും.
റെയില്‍വേ സ്റ്റേഷന്, ചെക്ക്പോസ്റ്റ് എന്നിവിടങ്ങളിലെ പരിശോധന കര്‍ശനമായി തുടരും. അത്യാവശ്യ കാര്യങ്ങള്‍ക്കു രാത്രി ഏഴിനും രാവിലെ ഏഴിനും മധ്യേ മറ്റു ജില്ലകളിലേക്ക് യാത്ര പാസ് മുഖേന മാത്രമാണ്.
ആവശ്യസേവന മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് ജില്ലവിട്ട് ഈ സമയത്തു യാത്ര ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ മതിയാകും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പോലീസിന്റെ പ്രവര്‍ത്തനക്രമത്തില്‍ വരുത്തിയ മാറ്റം പരീക്ഷണാടിസ്ഥാനത്തിലുള്ളതാണ്. രാത്രികാലത്ത് അനാവശ്യ സഞ്ചാരം ഒഴിവാക്കാന്‍ പരിശോധനകള്‍ ശക്തമാക്കാനാണ് തീരുമാനം.