കൊച്ചി: സംസ്ഥാനത്തു പെട്രോളിയം ഉത്പന്നനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളെ ഇന്ധനക്ഷാമം ഒരുതരത്തിലും ബാധിക്കാതിരിക്കാൻ എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് കെ. പണിക്കരുടെ നേതൃത്വത്തിലുള്ള റിഫൈനറിയുടെ ഉന്നത അധികാരികൾ സ്ഥിഗതികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കണ്ട്രോൾ റൂമൂം ഇതിനായി തുറന്നു. വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് ഇന്ധനനീക്കം കാര്യക്ഷമമാക്കി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതടക്കമുള്ള കാര്യങ്ങൾ കണ്ട്രോൾ റൂം ആണ് ചെയ്യുന്നത്.
ആലുവയിലെ എടമുളയിലുള്ള പന്പ് ഹൗസ് വെള്ളത്തിനടിയിലായതിനാൽ റിഫൈനറിയുടെ പ്രവർത്തനത്തിന് വെള്ളമെത്തിക്കുന്നതിനുള്ള പന്പിംഗ് തടസപ്പെട്ടിരിക്കുകയാണ്. റിഫൈനറിയിലുള്ള കരുതൽ ശേഖരം ഉപയോഗിച്ച് ഏതാനും ദിവസത്തേക്കു കൂടി പ്ലാന്റുകളുടെ പ്രവർത്തനം പൂർണതോതിൽ നടത്തിക്കൊണ്ടുപോകാൻ സാധിക്കും. ഇതിനുശേഷം ആവശ്യമെങ്കിൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തും.
തീരത്തുനിന്ന് 20 കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിടുന്ന കപ്പലുകളിൽനിന്നു കൊച്ചി റിഫൈനറിയിലേക്കു ക്രൂഡ് ഓയിൽ എത്തിക്കുന്നത് പുതുവൈപ്പ് തീരത്തുള്ള ടാങ്കുകൾ ഉപയോഗിച്ചാണ്. ഇവിടത്തെ പ്രവർത്തനം പ്രളയക്കെടുതിയിൽ താറുമാറായിരുന്നു. ഇത് സാധാരണനിലയിലാക്കി. ആവശ്യത്തിനുള്ള ക്രൂഡ് ഓയിലുമായി ഒരു കപ്പൽ കൊച്ചിയിലെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്ലാന്റുകളുടെ പ്രവർത്തനം സുഗമമായി മുന്നോട്ടുപോകും.
കൊച്ചിയിലെ ഇരുന്പനം കോയന്പത്തൂർ തിരുനെൽവേലിഎന്നിവിടങ്ങളിലുള്ള പ്ലാന്റുകളിൽനിന്ന് എല്ലാ റീട്ടെയിൽ ഇടപാടുകാരിലേക്കും പെട്രോളും ഡീസലും എൽപിജിയും എത്തിക്കും. റോഡ് മാർഗം സുഗമമായി ഇവ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ധനനീക്കത്തിനാവശ്യമായ ടാങ്കറുകൾ കരാറുകാർ എത്തിക്കാത്ത സ്ഥിതിയുണ്ട്. കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കി വിതരണം പരമാവധി ഉയർത്താൻ നടപടികൾ സ്വീകരിച്ചുവരികയാണ്.
വിതരണ കേന്ദ്രത്തിൽ എൽപിജി അടക്കമുള്ള ഉത്പന്നങ്ങളെല്ലാം തയാറാണ്. കൊച്ചി റിഫൈനറിയിൽനിന്ന് ഇന്ത്യൻ ഓയിൽ കോർപറേഷനിലേക്കും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിലേക്കും ഇന്ധനനീക്കം സാധാരണപോലെ നടക്കുന്നു. വിമാനങ്ങൾക്ക് ആവശ്യമായ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തടസമില്ലാതെ നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച 41 ടാങ്കറുകൾ കൊച്ചി റിഫൈനറിയിൽനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വിമാന ഇന്ധനവുമായി പുറപ്പെട്ടിരുന്നു. സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നുണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതരും അറിയിച്ചു. മറ്റു പെട്രോളിയം കന്പനികളും ആവശ്യമായ നടപടികൾ ഇതിനകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.