കാട്ടാക്കട: മലവെള്ള പാച്ചിലിൽ നിന്നും രക്ഷപ്പെട്ട് കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെത്തിയ ശ്രീക്കുട്ടി ചരിഞ്ഞു.
ഒന്നര വയസുള്ള ശ്രീക്കുട്ടിയെ കഴിഞ്ഞവർഷം തെന്മല ഭാഗത്തെ വനമേഖലയിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റിൽ പാറയിടുക്കിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് കോട്ടൂരിൽ എത്തിക്കുകയായിരുന്നു.
നടക്കാൻ പ്രയാസമുണ്ടായിരുന്നെങ്കിലും ആനക്കുട്ടി പിന്നീട് സുഖപ്പെട്ടു. കോട്ടൂരിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് കുട്ടിയാനയെ അതിന്റെ തള്ളയാനയുടെ സമീപത്തേക്ക് എത്തിക്കാൻ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും ഫലിച്ചില്ല.
കുട്ടിയാനയെ സ്വീകരിക്കാൻ മറ്റ് ആനക്കൂട്ടങ്ങൾ തയാറായിരുന്നില്ല.ഇതിനെ തുടർന്നാണ് കോട്ടൂരേക്ക് കൊണ്ടുവരുന്നതും ശ്രീക്കുട്ടിയെന്ന് പേരിടുന്നതും. മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടതുമൂലമുണ്ടായ ശാരീരിക അസ്വസ്ഥതകൾ കുട്ടിയാനയ്ക്കുണ്ടായിരുന്നു.
വെറ്ററിനറി ഡോക്ടർമാരുടെ പരിചരണത്തെ തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നുവെങ്കിലും ഞായറാഴ്ച ഉച്ചയോടെ പനി ബാധിക്കുകയായിരുന്നു.
ഇന്നലെ ചരിഞ്ഞ നിലയിൽ കാണപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാവു. ആനയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സൂചന ഉണ്ട്.
ആനയുടെ പോസ്റ്റുമാർട്ടം നടത്തി. ആന്തരികാവയങ്ങൾ പാലോട് വെറ്ററിനറി ലാബിലേക്ക് അയച്ചു. ശ്രീ കുട്ടി ചരിഞ്ഞതോടെ കാപ്പു കാട്ടിലെ ആനകളുടെ എണ്ണം 16 ആയി കുറഞ്ഞു.
ഇടമലക്കുടിയിൽ നിന്നും എത്തിച്ച ഒരു വയസുള്ള രാജുവും 80 വയസുള്ള സോമനുമാണ് ഇവിടുത്തെ ഏറെ ആകർഷത്വമുള്ള ആനകൾ. ശ്രീക്കുട്ടിയെ ആന കേന്ദ്രത്തിൽ തന്നെ സംസ്കരിച്ചു.
അതിനിടെ ആന കേന്ദ്രത്തിൽ ആനകൾക്ക് മതിയായ പരിചരണം നൽകുന്നില്ലെന്നും മൃഗഡോക്ടറുടെ സേവനം സമയത്തിന് കിട്ടുന്നില്ലെന്നും പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.
ഈ കേന്ദ്രത്തിലെ 20ളം പേർക്ക് കോ വിഡ് ബാധിച്ചിരുന്നു. പാപ്പാൻമാർ അടക്കം കോ വിഡ് ബാധിച്ചിട്ടും അവരെ വച്ച് തന്നെ ഡ്യൂട്ടി എടുപ്പിച്ചതും വിവാദമായിരുന്നു.