മുക്കം: പഠനത്തോടൊപ്പം കാർഷിക രംഗത്തും കൂടുതൽ പ്രായോഗിക പരിജ്ഞാനം നേടുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാർഷികരംഗത്തെ നിരവധി ഘട്ടങ്ങളെ പഠിക്കുന്നതോടൊപ്പം പരിശീലിക്കുക എന്നതുകൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞവർഷം നടപ്പിലാക്കിയ പപ്പായ കൃഷിയിൽ മികച്ച വിളവെടുപ്പ് നടത്താനായത് വിദ്യാർഥികളിൽ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു.
ദിവസങ്ങളോളം സ്കൂൾ ഉച്ചക്കഞ്ഞിക്ക് പപ്പായയുടെ രുചിക്കൂട്ടുകൾ ഉണ്ടായിരുന്നു. ഈ വർഷം മുതൽ കൊടിയത്തൂർ കൃഷിഭവന്റെ സഹകരണത്തോടെ മഴമറ കൃഷി ഒരുക്കുകയും മഴക്കാലങ്ങളിൽ അടക്കം കൃഷി ചെയ്യാവുന്ന രൂപത്തിലുള്ള ആധുനിക സൗകര്യങ്ങൾ ഒരുക്കി ഹൈടെക് പച്ചക്കറി കൃഷി നടത്തുകയും ചെയ്യുന്നുണ്ട്. വഴുതന, മുളക്, കീഴാർ, ചെരങ്ങ, തക്കാളി തുടങ്ങിയവയാണ് ഇപ്പോൾ പ്രധാനമായും കൃഷി ചെയ്യുന്നത്.
ആധുനിക കൃഷി രീതിയുടെ ഭാഗമായി ഡ്രിപ്പ് ഇറിഗേഷൻ, തിരിനന, തുള്ളിനന തുടങ്ങിയ മാർഗങ്ങളും വിദ്യാർഥികൾ സ്വീകരിച്ചുവരുന്നുണ്ട്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ കൃഷി വ്യാപിപ്പിക്കുന്നതിന് സ്റ്റാൻഡ് കൃഷി എന്ന രീതിയും അവലംബിക്കുന്നു. കൃഷിക്ക് പൂർണമായും ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. സ്കൂളിലെ ബയോഗ്യാസ് പ്ലാന്റിൽ നിന്നും വരുന്ന സ്ലറി, വിദ്യാർഥികളുടെ വീടുകളിൽ നിന്നും ശേഖരിക്കുന്ന ചാണകം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്.
ഒഴിവുകൾ ഉപയോഗിച്ചുകൊണ്ട് വിദ്യാർഥികൾ തന്നെയാണ് കൃഷിക്കാവശ്യമായ നിലം ഒരുക്കുന്നതും ആവശ്യമായ പ്രവർത്തികൾ ചെയ്യുന്നതും. മഴ മറയുടേയും കൃഷി വിളവെടുപ്പിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് നിർവഹിച്ചു. പ്രധാനാധ്യാപകൻ ജി. സുധീർ അധ്യക്ഷത വഹിച്ചു.