മുക്കം: മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പൊറുതിമുട്ടിയ കർഷകർ പന്നി ശല്യത്തിനെതിരെ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
വായ്പയെടുത്തും ബാങ്ക് ലോണെടുത്തും കൃഷിയിറക്കിയ പലരും അവസാനം വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥ. ഒരൊറ്റ രാത്രി കൊണ്ടാണ് പലരുടേയും ഒരു വർഷത്തെ അധ്വാനം കാട്ടുപന്നികൾ കവർന്നെടുക്കുന്നത്.
മലയോര മേഖലയിലുൾപ്പെടെ ഇത്തരത്തിൽ നിരവധി കർഷകരുടെ കപ്പ, ചേമ്പ്, വാഴ, മറ്റ് ഇടവിളകൃഷികൾ തുടങ്ങിയ ഏക്കർ കണക്കിന് നശിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തിൽ ദുരിതത്തിലായ ഒരു കർഷകനാണ് പുതിയ പരീക്ഷണവുമായി രംഗത്തെത്തിയത്. മൂത്രം കുപ്പികളിലാക്കി കൃഷിയിടത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.
മുക്കം നഗരസഭയിലെ മണാശേരി സ്വദേശിയും ചെങ്ങര എഎംഎൽപി സ്കൂൾ അധ്യാപകനുമായ പി.ടി.രതീഷാണ് പുതിയ പരീക്ഷണം നടത്തി വിജയിച്ചതായി അവകാശ പ്പെടുന്നത്.
പരമ്പരാഗത കർഷക കുടുംബത്തിൽ അംഗമായ രതീഷ് പന്നിശല്യത്തിനെതിരെ പ്രതിരോധം അന്വേഷിച്ച് നടക്കുന്നതിനിടെ തോട്ടുമുക്കം സ്വദേശിയായ സുഹൃത്താണ് ഈ രീതി പരീക്ഷിച്ചു നോക്കാൻ പറഞ്ഞതെന്ന് രതീഷ് പറയുന്നു.
അതേ സമയം പന്നികളെ അകറ്റുന്നതിന് രൂക്ഷഗന്ധമുള്ള വസ്തുക്കൾ ഫലപ്രദമാണന്ന് മുക്കം കൃഷി ഓഫീസർ പ്രിയ മോഹൻ പറഞ്ഞു.
തൃശൂർകാർഷിക സർവകലാശാല വികസിപ്പിച്ച ബോറപ്പ് എന്ന ഉത്പന്നം ഇത്തരത്തിൽ വിതരണം ചെയ്ത് വരുന്നതായും കൃഷി ഓഫീസർ പറഞ്ഞു.
അതേ സമയം രൂക്ഷഗന്ധമുള്ളതായതിനാൽ ജനവാസ മേഖലകളിൽ ഇത് പ്രായോഗികമല്ലന്നും അവർ പറഞ്ഞു .