കഠിനാദ്ധ്വാനം ഒന്നുകൊണ്ടു മാത്രം ട്രാക്കില്‍ താരമായി കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച പെണ്‍കുട്ടിയാണ് പി. യു. ചിത്ര. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും മെഡലുകളും റെക്കോര്‍ഡുകളും വാരിക്കൂട്ടിയിട്ടും അര്‍ഹിച്ച അംഗീകാരം ചിത്രയ്ക്ക് നല്കാന് സംസ്ഥാനത്തിന് സാധിച്ചിട്ടില്ല, ഇതുവരെ.
സുരക്ഷിതമല്ലാത്ത സാമ്പത്തിക ചുറ്റുപാടില്‍ നിന്ന് വരുന്ന, പ്രായപൂര്‍ത്തിയായ ഏതൊരാളെപ്പോലെയും സുരക്ഷിതമായ ഒരു ജോലി തന്നെയായിരുന്നു ചിത്രയുടെയും സ്വപ്നമെന്നത് വ്യക്തം. സംസ്ഥാനത്തിനുവേണ്ടി വാരിക്കൂട്ടിയ നേട്ടങ്ങളുടെ പേരില്‍ നിരവധി തവണ ജോലി വാഗ്ദാനങ്ങളും ലഭിച്ചു, സര്‍ക്കാരില്‍ നിന്ന്. എന്നാല്‍ ഒന്നും പ്രവര്‍ത്തിയില്‍ എത്തിയില്ല.
ഇപ്പോഴിതാ, മൂന്നുതവണ അപേക്ഷ നല്കി കാത്തിരുന്നിട്ടും കേരളം നല്‍കാതിരുന്ന ജോലി പി.യു.ചിത്രയ്ക്കു റെയില്‍വേ നല്കിയിരിക്കുന്നു. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ സീനിയര്‍ ക്ലാര്‍ക്കായാണു നിയമനം. ഇതോടെ ഭുവനേശ്വറില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന ദേശീയ ഓപ്പണ്‍ അത്ലറ്റിക്സില് ചിത്ര റെയില്‍വേക്കായി മത്സരത്തിനിറങ്ങുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണനേട്ടത്തിനു പിന്നാലെ ചിത്രയ്ക്കു ജോലി നല്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. കഴിഞ്ഞമാസം ഏഷ്യന്‍ ഗെയിംസ് മെഡല്‍നേട്ടത്തിനുശേഷം ജോലിക്കായി ചിത്ര കായികമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു.
പലതവണ ആവര്‍ത്തിക്കപ്പെട്ട ഈ വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കായതോടെയാണു റെയില്‍വേയില്‍ ജോലിക്ക് അപേക്ഷ നല്‍കിയത്. ഒരുവര്‍ഷത്തിലധികം പഴക്കമുള്ള ജോലി വാഗ്ദാനം കേരളം മറന്നപ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ റെയില്‍വേ നിയമന ഉത്തരവും പുറത്തിറക്കുകയായിരുന്നു.