കോട്ടയം: ഇതാ നമ്മുടെ പി.യു. ചിത്ര. അവഗണനയോട് പടപൊരുതി ചിത്ര ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ അഭിമാനമായിരിക്കുന്നു. തുര്‍ക്മെനിസ്ഥാനിലെ അഷ്ഗാബാദില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ അത്ലറ്റിക്സില് കേരളത്തിന്റെ പൊന്നോമനപുത്രി ചിത്രയ്ക്ക് 1500 മീറ്ററില്‍ സ്വര്‍ണം. കൃത്യമായ മുന്നൊരുക്കത്തോടെ അഷ്ഗാബാദിലെത്തിയ ചിത്രയുടെ ആത്മവിശ്വാസം അമ്പരപ്പിക്കുന്നതായിരുന്നു. തന്നെ ചവിട്ടിത്താഴ്ത്തിയവരുടെ കണ്ണുതുറക്കുന്നതിനുതകുന്ന പ്രകടനമാണ് ചിത്ര കാഴ്ചവച്ചത്.
കിര്‍ഗിസ്ഥാന്റെ ഗുല്ഷനോയി സതാറോവയെ ബഹുദൂരം പിന്നിലാക്കിയാണ് ചിത്ര പൊന്നണിഞ്ഞത്. സമയം 4: 27.77. നാലു മിനിറ്റ് 17 സെക്കന്‍ഡില്‍ 1500 മീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രയുടെ സമയം ഇവിടെ മെച്ചപ്പെടുത്താനായില്ലെങ്കിലും ഈ വിജയത്തിന് ഒരു മധുരപ്രതികാരത്തിന്റെ കഥ പറയുവാനുണ്ട്. ട്രാക്കില്‍ തന്നെ ചതിച്ചു വീഴ്ത്താന്‍ ശ്രമിച്ചവരോടുള്ള നിശബ്ദപ്രതികാരം.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിരുന്നിട്ടും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സെലക്്ഷന്‍ കമ്മിറ്റി ചിത്രയ്ക്ക് അവസരം നല്‍കിയിരുന്നില്ല. ചിത്രയെ ഒഴിവാക്കി കൂടുതൽ ഒഫീഷ്യല്‍സിനെ കൊണ്ടുപോയത് വലിയ വിവാദത്തില്‍ കലാശിച്ചിരുന്നു.
സെലക്ടര്മാരുടെയും എഎഫ്ഐയുടെയും നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സെലക്ഷന് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഇതിഹാസതാരങ്ങള്‍ക്ക് ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. തന്നെ കളിക്കളത്തില്‍ ചവിട്ടി വീഴ്ത്താന്‍ ശ്രമിച്ചവര്‍ക്ക് ശക്തമായ മറുപടി നല്‍കുന്നതായി ചിത്രയുടെ പുതിയ സ്വര്‍ണ വേട്ട.
കോടതി ഇടപെട്ടിട്ടും ചിത്രയ്ക്കു പങ്കെടുക്കാനായില്ല. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തഴയപ്പെട്ടതിനു ശേഷം പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്്ട്ര അത്ലറ്റിക് മീറ്റില്‍ത്തന്നെ സ്വര്‍ണം നേടിക്കൊണ്ട് അക്ഷരാര്‍ഥത്തില്‍ അഭിമാന പതാകയേന്തുകയാണ് ചിത്ര. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ താരമാണ് ചിത്ര. 2005 ല്‍ ഒ.പി.ജെയ്ഷയും 2007 ല്‍ സിനിമോള്‍ പൗലോസുമാണ് ചിത്രയുടെ മുന്‍ഗാമികള്‍.
രണ്ടാം സ്ഥാനത്തെത്തിയ സതറോവ നാലു മിനിറ്റ് 31.64 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. കിര്‍ഗിസ്ഥാന്റെ തന്നെ അരീന ക്ലെഷ്ചുകോവ (4:34.16) വെങ്കലം നേടി. ഇന്നലെ നടന്ന വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ മത്സരിച്ച മലയാളി താരം എന്‍.വി. ഷീനയ്ക്ക് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഈയിനത്തില്‍ കസാഖിസ്ഥാന്റെ ഓള്‍ഗ റിപ്പക്കോവയ്ക്കാണ് സ്വര്‍ണം.
രണ്ടാം ദിനം ഇന്ത്യക്ക് മറ്റൊരു സ്വര്‍ണം കൂടി ലഭിച്ചു. 3000 മീറ്റര്‍ ഓട്ടത്തില്‍ ജി. ലക്ഷ്മണ് സ്വര്‍ണമണിഞ്ഞു. സമയം എട്ടു മിനിറ്റ് 02.30 സെക്കന്‍ഡ്. ഈയിനത്തില്‍ സൗദി അറേബ്യയുടെ താരിഖ് അഹമ്മദ് അലംരി (8:03.98) വെള്ളിയും ഇറാന്റെ ഹുസൈന് കേസ്ഹാനി (8:07.09) വെങ്കലവും നേടി. ആദ്യദിനം കേരളത്തിന്റെ വി.നീന ലോംഗ് ജംപില്‍ വെങ്കലം നേടിയിരുന്നു.
ഇന്നു നടക്കുന്ന പുരുഷന്മാരുടെ 1500 മീറ്ററില്‍ ഇന്ത്യക്കുവേണ്ടി അജയ്കുമാര്‍ സരോജ് ട്രാക്കിലിറങ്ങും.
സി.കെ. രാജേഷ്കുമാര്‍
ഇവിടെ സ്വര്‍ണം വേണമായിരുന്നു: സിജിന്‍
കോട്ടയം: ചിത്രയുടെ നേട്ടത്തില്‍ ഏറെ സന്തോഷത്തോടെ പരിശീലകന് സിജിന്‍ പ്രതികരിച്ചു. മറ്റാരേക്കാളും ഈ സ്വര്‍ണം താന്‍ പ്രതീക്ഷിച്ചുവെന്ന് സിജിന്‍ ദീപികയോടു പറഞ്ഞു. സമയമോ മത്സരത്തിന്റെ മറ്റു കാര്യങ്ങളൊന്നുമോ പ്രശ്നമായിരുന്നില്ല. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടുക. അതിനായി മനസും ശരീരവും സമര്‍പ്പിക്കു. അതു മാത്രമായിരുന്നു ചിത്രയോടു ഞാന്‍ പറഞ്ഞത്. അവളത് മനോഹരമായി ചെയ്തു. ചിത്രയെയോര്ത്ത് കേരളം മുഴുവന്‍ അഭിമാനിക്കുമെന്നുറപ്പുണ്ട് – സിജിന്‍ പറഞ്ഞു.
വലിയ മാനസിക സമ്മര്ദത്തിനിടയിലുംചിത്ര കഠിനമായി പ്രയത്നിച്ചു. അവളുടെ കഴിവും മികവും എന്തെന്നു ലോകത്തിനു മുന്നില്‍ വീണ്ടും തെളിയിക്കണമെന്ന വാശിയോടെ മത്സരത്തെ സമീപിച്ചു. ഇവിടെ അവള്‍ക്കു മെഡല്‍ നേടാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ ഇത്രയും കാലം കൂടെനിന്നവരെല്ലാം പിന്മാറുമായിരുന്നു.
എന്നാല്‍, ചിത്രയുടെ മികവില്‍ എനിക്കു യാതൊരു സംശയവുമുണ്ടായിരുന്നില്ല. അവള് ഭംഗിയായി മത്സരം പൂര്‍ത്തിയാക്കി. – സിജിന്‍ പറഞ്ഞു. തുര്ക്ക്മെനിസ്ഥാനില്നിന്നു വിളിച്ച ചിത്ര സിജിനുമായി സന്തോഷം പങ്കുവച്ചു. ചെയ്തു തരുന്ന സേവനങ്ങള്‍ക്കൊക്കെ ചിത്ര സിജിനോടു നന്ദി പറഞ്ഞു. ഓരോ കായികപ്രേമിയുടെയും പ്രാര്‍ഥന തന്നോടൊപ്പമുണ്ടാകണമെന്ന് ചിത്ര പറഞ്ഞു. എന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പംനിന്നവരെയൊക്കെ ഈയവസരത്തില്‍ ഓര്‍മിക്കുന്നതായും അവര്‍ പറഞ്ഞു.