
അടിമാലി: ലോക്ക് ഡൗണ്‍ മൂലം പിതാവിന് അന്ത്യചുംബനം നൽകാൻ കഷ്മീരിൽ അതിർത്തി കാക്കുന്ന സൈനികന് സാധിച്ചില്ല. ഇന്നലെ സംസ്കാരം നടത്തിയ അടിമാലി പിണ്ടക്കടവിൽ പി.യു.ജോസഫിന്റെ മകനായ കഷ്മീരിൽ ആർമി ജൂനിയർ കമാൻഡിംഗ് ഓഫീസറായ സജി ജോസഫിന് ഓണ്‍ ലൈൻ വഴി പിതാവിന്റെ മരണനാന്തരചടങ്ങുകൾ വീക്ഷിക്കാനേ കഴിഞ്ഞുള്ളൂ.
സജി ജോസഫിന്റെ ഭാര്യയ്ക്കും മക്കൾക്കും കോയന്പത്തൂരിൽ നിന്നു കോവിഡ് 19 വ്യാപനം കാരണം വരാനും കഴിഞ്ഞില്ല. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ജില്ലാ കളക്ടറിൽ നിന്ന് ഇ-പാസ് ലഭിച്ചെങ്കിലും കോയന്പത്തൂരിൽ നിന്നു വന്നാൽ തുടർന്ന് ക്വാറന്റൈനിൽ പോകേണ്ടതായി വരും .
അതിനാലാണ് അവർ എത്താതിരുന്നത്. സജി ജോസഫിന് മാർച്ച് 31ന് വീട്ടിലേയ്ക്ക് പോരാൻ അവധി അനുവദിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിലേക്ക് പോരാൻ കഴിഞ്ഞില്ല. ആറ് മാസം മുൻപാണ് സജി ലീവിന് വന്ന് പിതാവിനെ കണ്ട് മടങ്ങിയത്.
ഒടുവിൽ പിതാവിന്റെ സംസ്കാര ചടങ്ങുകൾ ഓണ്‍ ലൈൻ വഴി കണ്ട് അന്തിമോപചാരം അർപ്പിക്കുകയായിരുന്നു. സർക്കാരിന്റെ നിബന്ധനകൾ പൂർണമായി പാലിച്ചായിരുന്നു അടിമാലി സെന്റ് ജൂഡ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടത്തിയത്.