ആർപ്പൂക്കര: ചെന്പ് സെന്റ് തോമസ് പള്ളി അങ്കണത്തിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് സാന്ത്വനവുമായി നവജീവനെത്തി. ദുരിതാശ്വാസ ക്യാന്പിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്ന രോഗികൾക്ക് അരിയും നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളും അത്യാവശ്യ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കുപ്പിവെള്ളവും മരുന്നുമൊക്കെയായാണ് നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു തോമസിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം പ്രവർത്തകർ ക്യാന്പിലെത്തിയത്.
ക്യാന്പിൽ കഴിയുന്ന ഞങ്ങൾക്ക് ഭക്ഷണവും വസ്ത്രങ്ങളുമൊക്കെ തരാൻ നിരവധി സംഘടനകളുണ്ട്. എന്നാൽ വീടുകളിലേക്ക് ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് കയറിച്ചെല്ലുന്ന ഞങ്ങൾക്ക് തരാൻ ആരുമില്ല. പല ക്യാന്പുകളിൽ നിന്നും കേട്ട ദയനീയമായ നെടുവീർപ്പുകളാണിത്.
അതുകൊണ്ട് തന്നെയാണ് അത്യാവശ്യ വസ്ത്രങ്ങളും അരി തുടങ്ങിയ നിത്യോപയോഗസാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളുമൊക്ക പല സ്ഥലങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ശേഖരിച്ച് വിവിധ ക്യാന്പുകളിലും വീടുകളിലും എത്തിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് മാനേജിംഗ് ട്രസ്റ്റി പി.യു തോമസ് അറിയിച്ചു.
ചെന്പ് സെന്റ് തോമസ് പള്ളി അങ്കണത്തിലെ ദുരിതാശ്വാസ ക്യാന്പിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി പി.യു തോമസിൽ നിന്നും വാർഡ് മെന്പർ പി. പ്രേമദാസ് ഭക്ഷ്യധാന്യകിറ്റുകൾ ഏറ്റുവാങ്ങി. രക്ഷാധികാരി ഫാ. ആന്റണി പരവര, സിസ്റ്റർ റീസ്സ(പ്രൊവിൻഷ്യൽ സുപ്പീരിയർ) എസ്.ഡി പഞ്ചായത്ത് മെന്പർ കെ.കെ. രമേശൻ, മെൽബണ്-ഓസ്ട്രേലിയ ഗ്ലോബൽ മലയാളി അസ്സോസിയേഷൻ ഭാരവാഹി റെജി പാറയ്ക്കൽ, ജെ. ജോസഫ്(അതിരന്പുഴ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്) തുടങ്ങിയവർ പ്രസംഗിച്ചു. 300 ലേറെ കുടുംബങ്ങളാണ് ചെന്പ് സെന്റ് തോമസ് പള്ളി അങ്കണത്തിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്നത്.