പബ്ജി ഗെയിമിന് അടിമയായ 16കാരന് നടത്തിയ തട്ടിക്കൊണ്ടു പോകല്‍ നാടകം ഏവരെയും ഞെട്ടിക്കുകയാണ്. മാതാപിതാക്കള്‍ ഫോണ്‍ എടുത്തു മാറ്റിയതിന്റെ ദേഷ്യത്തിലായിരുന്നു കൗമാരക്കാരന്റെ നാടകം. സദാ സമയവും പയ്യന് പബ്ജി കളിക്കുന്നതിനെത്തുടര്ന്നാണ് മാതാപിതാക്കള്‍ ഫോണ്‍ മാറ്റിവെച്ചത്. എന്നാല്‍ ഇതിന്റെ ദേഷ്യത്തില്‍ കുറച്ചു ദിവസം മുമ്പ് കുട്ടി വീടു വിട്ടിറങ്ങുകയായിരുന്നു.
മുംബൈയിലേക്കു പോയ കുട്ടി യാത്രയ്ക്കിടെ, ഒപ്പമുണ്ടായിരുന്നയാളിന്റെ ഫോണില്‍ നിന്ന് അമ്മയെ വിളിച്ചു മറ്റൊരാളായി ആള്‍മാറാട്ടം നടത്തിയാണ് തട്ടിക്കൊണ്ടുപോകല്‍ അറിയിച്ചത്. മകനെ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യമായി മൂന്നു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഒക്ടോബര്‍ 12ന് കുട്ടി ഹൈദരാബാദില്‍ തിരിച്ചെത്തി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് ബുക്കിംഗിനെക്കുറിച്ച് അമ്മയ്ക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ വിവരം പൊലീസില്‍ അറിയിച്ചു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടി പബ്ജി ഗെയിംമിന് അടിമയായതോടെ പഠനത്തില്‍ പിന്നോക്കം പോയിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞെന്ന് പോലീസ് പറഞ്ഞു.