ബംഗളുരു: പബ്ജി കളിക്കുന്നതു വിലക്കിയ പിതാവിനെ യുവാവു ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. പോളിടെക്നിക് വിദ്യാർഥിയാണു പിതാവിനെ കൊലപ്പെടുത്തിയത്. വടക്കൻ കർണാടകയിലെ ബെലഗാവി കക്കാട്ടിയിൽ തിങ്കളാഴ്ച പുലർച്ച അഞ്ചോടെയാണു സംഭവം.
സിദ്ധേശ്വർ നഗറിൽ താമസിക്കുന്ന റിട്ട. ഹെഡ് കോണ്‍സ്റ്റബ്ൾ ശങ്കർ ദേവപ്പ കുന്പാറാണു കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ രഘുവീർ കുന്പാറിനെ കക്കാട്ടി പോലീസ് അറസ്റ്റ് ചെയ്തു.
യുവാവു പുലർച്ചവരെ പബ്ജി ഗെയിം കളിക്കുന്നതു പതിവായതിരുന്നു. ഇതേതുടർന്നു ഞായറാഴ്ച രാത്രി പിതാവു മൊബൈൽ ഫോണ്‍ പിടിച്ചുവാങ്ങി. ഇതിൽ പ്രകോപിതനായ രഘുവീർ കുടുംബാംഗങ്ങളെ മുറിയിൽ പൂട്ടിയിട്ടശേഷം പിതാവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിതാവിന്റെ തലയും കാലും മകൻ വെട്ടിമുറിച്ചു.
അയൽക്കാർ വിവരമറിയിച്ചതനുസരിച്ചാണു പോലീസ് വീട്ടിലെത്തുന്നതും യുവാവിനെ അറസ്റ്റ് ചെയ്യുന്നതും. മൂന്നു മാസം മുന്‍പാണു ശങ്കർ സർവീസിൽനിന്നു വിരമിച്ചത്.