ലക്നോ: ഓൺലൈൻ ഗെയിമായ പബ്ജി കളിക്കിടെ ഇന്ത്യക്കാരനായ യുവാവുമായി പ്രണയത്തിലായി നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ യുവതി സീമ ഗുലാം ഹൈദരിനെ ഇനി തങ്ങൾക്കു വേണ്ടെന്നു പാക്കിസ്ഥാനിലെ കുടുംബവും നാട്ടുകാരും.
സീമ ഇനിയൊരിക്കലും മുസ്ലിം അല്ലെന്നും അവൾ സമുദായത്തിനും രാജ്യത്തിനും അപമാനം വരുത്തിവച്ചെന്നും ബന്ധുക്കൾ വ്യക്തമാക്കി.
മടങ്ങിയെത്തിയാൽ സീമയെ വകവരുത്തുമെന്നു ചില മതസംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം, താൻ ഇന്ത്യക്കാരിയായി മാറിയെന്നും ഒരിക്കലും പാക്കിസ്ഥാനിലേക്കില്ലെന്നും സച്ചിനാണു തന്റെ ഭർത്താവെന്നും താൻ ഹൈന്ദവമതം സ്വീകരിച്ചതായും സീമ പറഞ്ഞു.
പാക്കിസ്ഥാനിലേക്കു വിട്ടാൽ താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും യുവതി വ്യക്തമാക്കി.
പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിനിയായ സീമ ഹൈദരെയും (27) ഏഴു വയസിൽ താഴെയുള്ള നാലു മക്കളെയും കഴിഞ്ഞ നാലിനാണ് ഗ്രേറ്റർ നോയിഡയിലെ വാടകവീട്ടിൽ തൊട്ടടുത്ത ഗ്രാമമായ രബുപുര സ്വദേശി സച്ചി (25)നൊപ്പം അറസ്റ്റ് ചെയ്തത്.
2019ൽ കോവിഡ് കാലത്ത് ഓൺലൈൻ ഗെയിമായ പബ്ജി കളിക്കിടെ പരിചയപ്പെട്ട ഇരുവരും പ്രണയബദ്ധരാകുകയായിരുന്നു.
തുടർന്ന് സ്വന്തംപേരിലുള്ള വസ്തു 12 ലക്ഷം രൂപയ്ക്കു വിറ്റ് ആ പണമുപയോഗിച്ചു വിമാനടിക്കറ്റ് തരപ്പെടുത്തി യുവതി നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തി.
ഇതേസമയം സച്ചിനും അവിടെയെത്തി. കാഠ്മണ്ഡുവിൽവച്ച് വിവാഹിതരായ ഇരുവരും ബസ് മാർഗം ഇന്ത്യയിലെത്തുകയുമായിരുന്നു.
അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ യുവതിയും യുവതിക്ക് താമസിക്കാൻ സ്ഥലമൊരുക്കിയതിന് അറസ്റ്റിലായ സച്ചിനും കഴിഞ്ഞദിവസം ജാമ്യത്തിൽ പുറത്തുവന്നിരുന്നു.
ഗ്രേറ്റർ നോയിഡയിലെ രബുപുരയിൽ സച്ചിന്റെ വീട്ടിലാണ് യുവതിയും മക്കളും ഇപ്പോൾ താമസിക്കുന്നത്. അഭിഭാഷകൻ മുഖേന ഇന്ത്യൻ പൗരത്വത്തിനായി സീമ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
ഗ്രേറ്റർ നോയിഡയിലെ രബുപുരയിൽ പ്രൊവിഷൻ സ്റ്റോർ നടത്തുകയാണ് സച്ചിൻ.
സീമയുടെ ഭർത്താവ് ഗുലാം ഹൈദർ സൗദിയിൽ ജോലിചെയ്യുകയാണ്.
ഭാര്യ സീമയെയും മക്കളെയും പാക്കിസ്ഥാനിലേക്ക് മടക്കി അയയ്ക്കണമെന്ന് കഴിഞ്ഞദിവസം വീഡിയോ സന്ദേശത്തിലൂടെ ഗുലാം ഹൈദർ അഭ്യർഥിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സീമയെ ഇനി തങ്ങൾക്കു വേണ്ടെന്നു ഹൈദറിന്റെ കുടുംബം വ്യക്തമാക്കിയത്.