ഇന്ത്യയിലേക്കുള്ള പബ്ജിയുടെ മടങ്ങി വരവിന് കളമൊരുങ്ങുന്നു. പബ്ജിയുടെ മാതൃകമ്പനി ചൈനീസ് കമ്പനിയായ ടെന്സെന്റുമായുള്ള ബന്ധം വേര്‍പെടുത്തിതോടെയാണിതിന് സാഹചര്യമൊരുങ്ങുന്നത്.
കമ്പനി പ്രസ്താവന പ്രകാരം, ‘ ഇനിമുതല്‍ ടെന്‍സെന്റ് ഗെയിംസിന് ഇന്ത്യയിലെ പബ്ജി മൊബൈലില്‍ അവകാശം ഉണ്ടായിരിക്കില്ലെന്ന് കൊറിയന്‍ കമ്പനി അറിയിച്ചു. പുതിയ നീക്കവുമായി മുന്നോട്ട് പോകുമ്പോള്‍ പബ്ജി കോര്പ്പറേഷന് ഇന്ത്യയിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുമെന്നും വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഏതാനും ദിവസം മുമ്പ് നിരോധിച്ച പബ്ജി ഗെയിമിനെ ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ സഹായിക്കുന്ന സുപ്രധാന തീരുമാനമാണിത്. ദക്ഷിണ കൊറിയന്‍ ഗെയിമിംഗ് കമ്പനിയായ പബ്ജി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതും വികസിപ്പിച്ചതുമായ ഒന്നാണ് പബ്ജി മൊബൈല്‍ ആപ്ലിക്കേഷനും.
തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പ്ലാറ്റ്ഫോമുകള് സ്ഥാപിക്കുന്ന കാര്യങ്ങളില്‍ കമ്പനിക്ക് തന്നെ തീരുമാനമെടുക്കാം. ഇതിനാലാണ് പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ കാര്യങ്ങള്‍ കൊറിയന്‍ കമ്പനിയുടെ അധീനതയിലേക്ക് തന്നെ മാറ്റാന്‍ നിര്‍ദ്ദേശിക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങള്‍ പാലിക്കാനും സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാനും ഇത് ഗെയിമിനെ സഹായിക്കും.
പരമാധികാരത്തിനും സമഗ്രതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയായതിനാലാണ് പബ്ജി മൊബൈല്‍ ഉള്‍പ്പെടെ 118 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്.
ഇന്ത്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചു ബോധവാന്മാരാണെന്നും നിരോധനത്തെക്കുറിച്ചുള്ള മുഴുവന്‍ പ്രശ്നങ്ങളും സജീവമായി പരിശോധിക്കുന്നുണ്ടെന്നും പബ്ജി കോര്പ്പറേഷന് വക്താവ് പറഞ്ഞു.
ഇന്ത്യയിലെ പബ്ജി മൊബൈലിനെ മേലില്‍ ടെന്‍സെന്റ് ഗെയിംസ് നിയന്ത്രിക്കില്ലെന്നും എല്ലാ ഉത്തരവാദിത്തങ്ങളും പബ്ജി കോര്പ്പറേഷന് ഏറ്റെടുക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഗെയിമിംഗ് കമ്പനി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നുവെന്നാണ് ഇതിനര്‍ഥം.
ഇന്ത്യയില്‍ 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിന് തൊട്ടുപിന്നാലെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ടെന്‍സെന്റിന് 3400 കോടി ഡോളര്‍ നഷ്ടമായിരുന്നു. കളിക്കാരുടെ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും കമ്പനിയുടെ മുന്‍ഗണനയായതിനാല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പബ്ജി കോര്പ്പറേഷന് പൂര്‍ണമായി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണമായി പാലിക്കുമ്പോള്‍ ഗെയിമര്‍മാര്‍ക്ക് വീണ്ടും ഗെയിമിലേക്ക് ഇറങ്ങാന്‍ അനുവദിക്കുന്ന ഒരു പരിഹാരം കണ്ടെത്താന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കൊറിയന്‍ കമ്പനി പറഞ്ഞു. എന്തായാലും പബ്ജി ആരാധകര്‍ക്ക് പ്രതീക്ഷയേകുന്ന ഒരു വാര്‍ത്തയാണിത്.